കൊച്ചി: വാഹനങ്ങളിൽ നിയമവിരുദ്ധമായി വരുത്തുന്ന മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കേരള ഹൈക്കോടതി പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദേശം നൽകി. ഒരു വാഹനത്തിൽ ഒന്നിലധികം നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഓരോ ലംഘനത്തിനും പ്രത്യേകം 5,000 രൂപ വീതം പിഴ ചുമത്തണമെന്നും കോടതി വ്യക്തമാക്കി.
പ്രളയ രക്ഷാപ്രവർത്തനത്തിനായി അടൂരിലെത്തിയ ഥാർ ജീപ്പുമായി ബന്ധപ്പെട്ട് സമർപ്പിച്ച ചിത്രങ്ങളും ട്രാൻസ്പോർട്ട് കമ്മിഷണറുടെ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് കോടതിയുടെ നിർദേശം. വാഹനത്തിൽ അനുവദനീയമല്ലാത്ത ആറ് അധിക ലൈറ്റുകൾ ഘടിപ്പിച്ചിരുന്നു. ഇതിന് 5,000 രൂപയും പിയുസി സംബന്ധമായ നിയമലംഘനത്തിന് 2,000 രൂപയുമാണ് പിഴ ചുമത്തിയത്. ആറ് അധിക ലൈറ്റുകൾക്കാകെ 5,000 രൂപ മാത്രം പിഴ ചുമത്തിയത് അപര്യാപ്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
അനുവദനീയമായതിൽ കൂടുതൽ ലൈറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കാൻ പാടില്ലെന്ന് കോടതി വ്യക്തമാക്കി. അതിതീവ്ര പ്രകാശമുള്ള എൽഇഡി ലൈറ്റുകളും വിവിധ നിറങ്ങളിലുള്ള ലൈറ്റുകളും റോഡിലെ മറ്റ് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ചയെ ബാധിച്ച് അപകടസാധ്യത വർധിപ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു.
അമിത വീതിയുള്ള ടയറുകൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്കെതിരെയും നടപടികൾ ശക്തമാക്കണം. അമിത ശബ്ദവും തീപ്പൊരിയും സൃഷ്ടിക്കുന്ന തരത്തിലുള്ള എക്സോസ്റ്റ് സംവിധാനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചു. റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഇത്തരം മാറ്റങ്ങൾക്കെതിരെ പൊലീസും മോട്ടോർ വാഹന വകുപ്പും ഏകോപിച്ച് നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് സെപ്റ്റംബർ 7നകം കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

