തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലറായി തുടരുമെന്നും മരിക്കുന്നതുവരെ ബിജെപിയിൽത്തന്നെ ഉണ്ടാകുമെന്നും ആർ. ശ്രീലേഖ. ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷയാക്കാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലെന്ന പ്രചാരണം അവർ തള്ളി. തന്റെ യൂട്യൂബ് ചാനലായ ‘സസ്നേഹം ശ്രീലേഖ’യിലൂടെയാണ് അവർ വിശദീകരണം നൽകിയത്.
ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം വിശ്രമം ആവശ്യമായതിനാലാണ് കൗൺസിലർ ചുമതലകളിൽനിന്ന് താൽക്കാലികമായി മാറിനിൽക്കാൻ ആഗ്രഹിച്ചതെന്ന് ശ്രീലേഖ പറഞ്ഞു. കൗൺസിലർ എന്ന നിലയിൽ വലിയ സമ്മർദം നേരിടുന്നുണ്ടെന്നും ശാസ്തമംഗലം വാർഡിലെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
സെപ്റ്റംബർ 30ന് മേയർക്ക് കത്ത് നൽകിയിരുന്നതായും കൗൺസിലർ എന്ന നിലയിൽ മുന്നോട്ടുപോകുന്നതിലെ പ്രയാസങ്ങളും പല കാര്യങ്ങളും നടക്കാത്തതിലുള്ള ആശങ്കകളും അറിയിച്ചിരുന്നതായും ശ്രീലേഖ പറഞ്ഞു. കത്തിന്റെ പകർപ്പ് ജില്ലാ കലക്ടർക്കും നൽകിയിരുന്നു. തുടർന്ന് മുതിർന്ന ബിജെപി നേതാക്കൾ തന്നെ സന്ദർശിച്ച് രാജിവയ്ക്കരുതെന്ന് ആവശ്യപ്പെട്ടതായും അവർ വ്യക്തമാക്കി.
താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരാധികയാണെന്നും മറ്റൊരു രാഷ്ട്രീയപാർട്ടിയിലേക്കും പോകില്ലെന്നും ശ്രീലേഖ പറഞ്ഞു. കോൺഗ്രസിലേക്ക് പോകുമെന്ന തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീലേഖ കൗൺസിലറായി തുടരുമെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷും നേരത്തേ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രശ്നങ്ങളും വാർഡിലെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളുമാണ് ശ്രീലേഖ ഉന്നയിച്ചതെന്നാണ് മേയർ അറിയിച്ചത്.

