ലോക ഹൃദയ ദിനാചരണം; എറണാകുളം കളക്ടറേറ്റിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കൊച്ചി: ലോക ഹൃദയ ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കളക്ടറേറ്റിലെ ജീവനക്കാർക്കായി സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കളക്ടറേറ്റ് വളപ്പിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ ജി. പ്രിയങ്ക ബലൂണുകൾ പറത്തി ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു. കാക്കനാട് സൺറൈസ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നൂറ്റമ്പതിലധികം ജീവനക്കാരാണ് പങ്കെടുത്തത്.

‘ഒരു മിടിപ്പ് പോലും ശ്രദ്ധിക്കാതെ പോകരുത്’ എന്ന ലോക ഹൃദയദിന സന്ദേശത്തെ മുൻനിർത്തി സംഘടിപ്പിച്ച ക്യാമ്പ്, ഹൃദയാരോഗ്യത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും ഹൃദ്രോഗ സാധ്യതകൾ നേരത്തെ തിരിച്ചറിയുന്നതിനും സഹായകമായി. ക്യാമ്പിൽ സമഗ്ര ഹൃദയാരോഗ്യ പരിശോധന, ഇ.സി.ജി പരിശോധന, ഹൃദ്രോഗ വിദഗ്ധന്റെയും ഫിസിഷ്യന്റെയും സൗജന്യ കൺസൾട്ടേഷൻ എന്നീ സേവനങ്ങൾ ജീവനക്കാർക്കായി ഒരുക്കിയിരുന്നു.

സൺറൈസ് ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. കെ.എസ്. ഗോപകുമാർ, സീനിയർ കൺസൾട്ടന്റ് ഡോ. സി.എ. അനീഷ്, എമർജൻസി വിഭാഗം ആർ.എം.ഒ ഡോ. സുൻസി കെ. ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് മെഡിക്കൽ പരിശോധനകൾ നടത്തിയത്.

ചടങ്ങിൽ സൺറൈസ് ഹോസ്പിറ്റൽ കോർപ്പറേറ്റ് അഫയേഴ്സ് ജനറൽ മാനേജർ എ. മുഹമ്മദ് റിയാസ്, മാർക്കറ്റിംഗ് ജനറൽ മാനേജർ കെ.കെ. സന്ദീപ് ലാൽ, കോർപ്പറേറ്റ് മാർക്കറ്റിംഗ് ഡെപ്യൂട്ടി മാനേജർ ഹരിപ്രിയ രാംദാസ്, ഡോക്ടർമാരായ കെ.എസ്. ഗോപകുമാർ, സി.എ. അനീഷ്, സുൻസി കെ. ചാക്കോ, ഹുസൂർ ശിരസ്തദാർ പ്രിയ, കാവ്യ എന്നിവരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *