ജീവൻരക്ഷാ പ്രഥമശുശ്രൂഷയിൽ ഒറ്റദിവസം 360 പേർക്ക് പരിശീലനം: ചരിത്രം കുറിച്ച് കേരള പോലീസ് ആസ്ഥാനം

തിരുവനന്തപുരം: രാജ്യത്തെ പോലീസ് ആസ്ഥാനങ്ങളിൽ ആദ്യമായി, ഒറ്റദിവസം കൊണ്ട് 360 ഉദ്യോഗസ്ഥർക്ക് ജീവൻരക്ഷാ പ്രാഥമിക ശുശ്രൂഷയിൽ (BLS-CPR) പരിശീലനം നൽകി കേരള പോലീസ് ആസ്ഥാനം ചരിത്രനേട്ടം കൈവരിച്ചു. ഒരു ലക്ഷം മലയാളികൾക്ക് ബി.എൽ.എസ്-സി.പി.ആർ പരിശീലനം നൽകാൻ ലക്ഷ്യമിടുന്ന “മിഷൻ 100K കേരള” പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം കൈവരിച്ചത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ആസ്ഥാനത്തെ ജീവനക്കാർ “കേരള ഫസ്റ്റ് റെസ്പോണ്ടർ” പദവിക്ക് അർഹരായി.

വിസ്ഡം ഡെവലപ്‌മെന്റ് ഫൗണ്ടേഷന് കീഴിലുള്ള വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിൽ, പ്രമുഖ ആരോഗ്യ സ്ഥാപനമായ ആസ്റ്റർ മെഡ്‌സിറ്റിയുടെ ക്ലിനിക്കൽ വൈദഗ്ധ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹൃദയസ്തംഭനം സംഭവിച്ചാൽ ആംബുലൻസ് എത്തുന്നതിന് മുൻപുള്ള ആദ്യ മിനിറ്റുകളിൽ നൽകുന്ന ശരിയായ പ്രഥമശുശ്രൂഷ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണ്. അപകടസ്ഥലങ്ങളിലും ജനക്കൂട്ടത്തിലും ആദ്യം എത്തുന്നവരിൽ പ്രധാനികൾ പോലീസ് ഉദ്യോഗസ്ഥരായതിനാൽ, അവരുടെ ഈ പരിശീലനം സംസ്ഥാനത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിന് വലിയ കരുത്താകും.

വിസ്ഡം4ഫ്യൂച്ചർ ഇനിഷ്യേറ്റീവിന്റെ രക്ഷാധികാരിയും മുൻ അംബാസഡറുമായ ടി.പി. ശ്രീനിവാസൻ, കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി വകുപ്പ് തലവനും ലീഡ് കൺസൾട്ടന്റുമായ ഡോ. ജോൺസൺ കെ. വർഗീസ് എന്നിവർ ഒപ്പിട്ട അനുമോദന സർട്ടിഫിക്കറ്റ് പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി ഏറ്റുവാങ്ങി. മിഷൻ 100K കേരളയുടെ അടുത്ത ഘട്ടത്തിൽ ജില്ലാ പോലീസ് യൂണിറ്റുകൾ, മറ്റ് സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിലേക്കും പരിശീലനം വ്യാപിപ്പിക്കുമെന്ന് വിസ്ഡം4ഫ്യൂച്ചർ ഫൗണ്ടർ ആൻഡ് പ്രോജക്ട് ഡയറക്ടർ മൈക്കിൾ മാത്യു വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *