കള്ളക്കടൽ പ്രതിഭാസം- സംസ്ഥാനത്തെ തീരദേശ ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ആലപ്പാട്ട് മുതൽ ഇടവ വരെയുള്ള തീരദേശ മേഖലകളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.

ഓഗസ്റ്റ് 18 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 20 വൈകുന്നേരം 5.30 വരെ തിരമാലകൾ 1.8 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാനും ശക്തമായ കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും കടലിൽ ഇറങ്ങരുതെന്നും ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ ഉള്ളവർ അധികൃതരുടെ നിർദ്ദേശാനുസരണം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ മത്സ്യബന്ധന യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും പൂർണ്ണമായി ഒഴിവാക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറുകളിൽ പരസ്പരം സുരക്ഷിത അകലം പാലിച്ച് കെട്ടിയിടുകയും ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയും വേണം.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലേക്കുള്ള യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും വിനോദസഞ്ചാര പ്രവർത്തനങ്ങളും പൂർണ്ണമായി നിർത്തിവെക്കണം. തീരശോഷണത്തിന് സാധ്യതയുള്ളതിനാൽ തീരവാസികൾ പ്രത്യേക ജാഗ്രത പുലർത്തണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *