വീൽചെയർ മോട്ടോർ പ്രശ്നത്തിൽ ഭിന്നശേഷി പ്രവർത്തകനെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു; മാപ്പ് പറഞ്ഞ് വിർജിൻ ഓസ്‌ട്രേലിയ

സിഡ്നി: വീൽചെയറിന്റെ മോട്ടോർ വെക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഭിന്നശേഷി അവകാശ പ്രവർത്തകനെ വിമാനത്തിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തിൽ പരസ്യമായി മാപ്പപേക്ഷിച്ച് വിർജിൻ ഓസ്‌ട്രേലിയ . അഡ്‌ലെയ്ഡ് സ്വദേശിയായ ഷെയ്ൻ ഹ്രൈഹോറെകിനോടാണ് എയർലൈൻ അധികൃതർ നേരിട്ട് വിളിച്ച് ഖേദം പ്രകടിപ്പിച്ചത്. സിഡ്നിയിൽ നിന്നുള്ള വിമാനയാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുന്ന വീഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വലിയ രീതിയിലുള്ള ജനരോഷമാണ് ഉയർന്നത്.

‘സി5 ഇൻകംപ്ലീറ്റ് ക്വാഡ്രിപ്ലീജിയ’ ബാധിതനായ ഷെയ്ൻ, ‘സ്മാർട്ട് ഡ്രൈവ്’ എന്ന പവർ അസിസ്റ്റ് മോട്ടോർ ഘടിപ്പിച്ച വീൽചെയറാണ് ഉപയോഗിക്കുന്നത്. തൊട്ടുമുമ്പുള്ള ആഴ്ചയിൽ വിർജിൻ ഓസ്‌ട്രേലിയയുടെ മൂന്ന് വിമാനങ്ങളിൽ യാതൊരു തടസ്സവുമില്ലാതെ ഇതേ ഉപകരണവുമായി യാത്ര ചെയ്തിരുന്നതായി അദ്ദേഹം ജീവനക്കാരെ അറിയിച്ചിരുന്നു. സാധാരണയായി ഓവർഹെഡ് ലോക്കറുകളിൽ സൂക്ഷിക്കാൻ അനുവദിച്ചിരുന്ന ഈ ഉപകരണം പുതിയ നിയമപ്രകാരം സീറ്റിനടിയിൽ സൂക്ഷിക്കണമെന്ന് വിമാന ജീവനക്കാർ നിർബന്ധം പിടിക്കുകയായിരുന്നു. എന്നാൽ അത് വെക്കാൻ ആവശ്യമായ സ്ഥലം സീറ്റിനടിയിൽ ഉണ്ടായിരുന്നില്ല.

ഇതിനിടെ ജീവനക്കാരിൽ ഒരാൾ, മുൻ യാത്രകളിൽ ഷെയ്നെ സഹായിച്ച മറ്റ് ക്രൂ അംഗങ്ങൾ നിയമം തെറ്റിച്ചാണ് സൗകര്യമൊരുക്കിയതെന്ന് കുറ്റപ്പെടുത്തുകയും മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹത്തെ വിമാനത്തിൽ നിന്ന് പുറത്താക്കുകയായിരുന്നു. ടിക് ടോക്കിലും ഇൻസ്റ്റാഗ്രാമിലുമായി 16 ദശലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്. സംഭവം വൈറലായതിനെ തുടർന്ന് എയർലൈൻ അധികൃതർ രണ്ടുതവണ ഷെയ്നെ ഫോണിൽ ബന്ധപ്പെട്ടിരുന്നെങ്കിലും മൂന്നാമത്തെ കോളിലാണ് ഔദ്യോഗികമായി മാപ്പ് പറഞ്ഞത്.

എയർലൈൻസിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തങ്ങളുടെ സേവന നിലവാരത്തിന് നിരക്കാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്നും വിർജിൻ ഓസ്‌ട്രേലിയ പ്രസ്താവനയിൽ വ്യക്തമാക്കി. യാത്രക്കാരനുണ്ടായ മാനസിക വിഷമത്തിലും പ്രയാസങ്ങളിലും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ബ്രാൻഡിന്റെ പേരിന് കളങ്കമേൽക്കാതിരിക്കാൻ വേണ്ടി മാത്രമുള്ള മാപ്പപേക്ഷയാകാതെ, ഭിന്നശേഷിക്കാർക്ക് തുല്യനീതി ഉറപ്പാക്കുന്ന യഥാർത്ഥ മാറ്റങ്ങൾക്ക് എയർലൈനുകൾ തയ്യാറാകണമെന്ന് ഷെയ്ൻ ഹ്രൈഹോറെക് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *