കൊച്ചി: ബ്രഹ്മപുരത്തെ ഭക്ഷ്യമാലിന്യ സംസ്കരണ പ്ലാന്റിനായി സ്വകാര്യ കമ്പനിക്ക് ഭൂമി കൈമാറാനുള്ള കൊച്ചി കോർപ്പറേഷന്റെ നീക്കത്തിൽ ദുരൂഹതയെന്ന് പ്രതിപക്ഷം. പ്ലാന്റിനായി കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കർ ഭൂമി 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് പാട്ടത്തിന് നൽകാനാണ് നീക്കം നടക്കുന്നത്. പദ്ധതിക്ക് പിന്നിൽ വലിയ ഗൂഢാലോചനയും സാമ്പത്തിക അഴിമതിയും നടക്കുന്നുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
വില്ലിങ്ടൺ ഐലൻഡിൽ സമാനമായ പ്ലാന്റ് സ്ഥാപിച്ച ജി3 റിന്യൂവബിൾസ് സമർപ്പിച്ച പ്രൊപ്പോസലാണ് നിലവിൽ കോർപ്പറേഷന്റെ പരിഗണനയിലുള്ളത്. ഭക്ഷ്യമാലിന്യം വേർതിരിച്ച് കോഴിത്തീറ്റ, ജൈവ ഇന്ധനം, വെള്ളം എന്നിവയാക്കി മാറ്റുന്നതാണ് ഈ പദ്ധതി. 25 മുതൽ 30 കോടി രൂപ വരെ ചെലവിൽ കമ്പനി നിർമ്മിക്കുന്ന പ്ലാന്റിൽ ഒരു ടൺ മാലിന്യത്തിന് 200 രൂപ ഫീസ് നിരക്കിലാണ് സംസ്കരണം നടത്തുക.
എന്നാൽ, നഗരസഭയുടെ ഭൂമി സ്വകാര്യ കമ്പനിക്ക് വിട്ടുനൽകുന്ന നിർദ്ദേശത്തിൽ ദുരൂഹതയുണ്ടെന്നും ഇതിന് പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടക്കുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. പ്ലാന്റിൽ ഉപയോഗിക്കുന്ന മാലിന്യ സംസ്കരണ സാങ്കേതികവിദ്യയിൽ വ്യക്തത വരുത്തണമെന്നും സ്വകാര്യ കമ്പനിക്ക് ഭൂമി വിട്ടുനൽകുന്നതിലെ നിയമലംഘനം പരിശോധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

