നാഷണൽ ബയോസെക്യൂരിറ്റി വീക്കിന് തുടക്കം; വിമാനത്താവളങ്ങളിലും അതിർത്തികളിലും പരിശോധന കർശനമാക്കി

കാൻബറ: രാജ്യത്തിന്റെ പാരിസ്ഥിതിക, കാർഷിക മേഖലകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷത്തെ നാഷണൽ ബയോസെക്യൂരിറ്റി വീക്കിന് ഓസ്‌ട്രേലിയയിൽ തുടക്കമായി. എച്ച്5 പക്ഷിപ്പനി (H5 bird flu) പടരുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിലും അതിർത്തികളിലും ബയോസെക്യൂരിറ്റി പരിശോധനകൾ കൂടുതൽ കർശനമാക്കിയതായി ഫെഡറൽ സർക്കാർ അറിയിച്ചു. ‘നമ്മൾ വിലമതിക്കുന്നവയെ സംരക്ഷിക്കുക’ (Protecting what we value) എന്നതാണ് ഈ വർഷത്തെ കാമ്പയിന്റെ പ്രധാന പ്രമേയം. കാർഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും സംരക്ഷിക്കുന്നതിനായി 2022 മുതൽ ഇതുവരെ 2 ബില്യൺ ഡോളറിന്റെ അധിക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് കാർഷിക മന്ത്രി ജൂലി കോളിൻസ് വ്യക്തമാക്കി.

2026 ജനുവരി 1 മുതൽ ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ എത്തിയ യാത്രക്കാരിൽ നിന്ന് 195,000-ലധികം നിരോധിത ബയോസെക്യൂരിറ്റി ഉൽപ്പന്നങ്ങൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. മെയിൽ സെന്ററുകൾ വഴി കടത്താൻ ശ്രമിച്ച 53,000 ഉൽപ്പന്നങ്ങളും തടഞ്ഞു. ലഗേജുകളുടെ എക്സ്-റേ പരിശോധനയിലൂടെ 70,000 നിയമലംഘനങ്ങൾ കണ്ടെത്തിയപ്പോൾ, പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡ് വഴി 23,000 നിരോധിത വസ്തുക്കളും പിടിച്ചെടുത്തു.

രാജ്യത്ത് എച്ച്5 പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് വിവരങ്ങൾ കൈമാറാൻ ദേശീയ ഹോട്ട്ലൈനിലേക്ക് 24,000-ത്തിലധികം ഫോൺ കോളുകൾ ലഭിച്ചതായും, ജനങ്ങളുടെ ഈ ജാഗ്രത രോഗവ്യാപനം നിരീക്ഷിക്കുന്നതിൽ നിർണായകമായെന്നും അധികൃതർ അറിയിച്ചു. വിദേശത്തുനിന്നും, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും എത്തുന്ന പ്രവാസികൾ ഓസ്‌ട്രേലിയയുടെ ബയോസെക്യൂരിറ്റി നിയമങ്ങൾ കർശനമായി പാലിക്കണമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ വിസ റദ്ദാക്കൽ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. കൂടുതൽ വിവരങ്ങൾക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ പോർട്ടൽ സന്ദർശിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *