ലാവണ്യം 2026: പന്തപ്ര ആദിവാസി ഉന്നതിയിൽ ഓണമാഘോഷിച്ച് മന്ത്രി റോജി എം. ജോൺ

കുട്ടമ്പുഴ: സംസ്ഥാന വിനോദസഞ്ചാര വകുപ്പും എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡിടിപിസി) സംയുക്തമായി സംഘടിപ്പിച്ച ‘ലാവണ്യം 2026’ ജില്ലാതല ഓണാഘോഷം കുട്ടമ്പുഴ പന്തപ്ര ആദിവാസി ഉന്നതിയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.

നാടിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന കാലമാണ് ഓണക്കാലമെന്നും സമൂഹത്തിന്റെ സന്തോഷത്തിന്റെയും തുല്യതയുടെയും സന്ദേശം പകരുന്ന ഇത്തരം ആഘോഷങ്ങൾ നഗരങ്ങളിൽ മാത്രം ഒതുങ്ങാതെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എല്ലാവരെയും ചേർത്തുനിർത്തുന്ന ആഘോഷമെന്ന നിലയിൽ ഓണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തട്ടുകളിലേക്കും എത്തിക്കേണ്ടതുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പന്തപ്രയിൽ ആഘോഷം സംഘടിപ്പിച്ചതെന്നും അധ്യക്ഷത വഹിച്ച ഷിബു തെക്കുംപുറം എംഎൽഎ വ്യക്തമാക്കി.

പരിപാടിയുടെ ഭാഗമായി പന്തപ്രയിലെ ആദിവാസി കുടുംബങ്ങൾക്ക് മന്ത്രി ഓണക്കോടി വിതരണം ചെയ്തു. തുടർന്ന് ആദിവാസി സമൂഹത്തോടൊപ്പം മന്ത്രിയും എംഎൽഎയും ഓണസദ്യയിൽ പങ്കുചേർന്നു. സദ്യയ്ക്ക് ശേഷം ഇരുവരും ആദിവാസി സമൂഹത്തോടൊപ്പം നൃത്തച്ചുവടുകൾ വെച്ചും ചെണ്ടമേളത്തിൽ പങ്കുചേർന്നും ആഘോഷങ്ങൾക്ക് ആവേശം പകർന്നു. കൂടാതെ, മലയോര ഗ്രാമമായ മാമലക്കണ്ടത്തെ തനത് ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനായി ആരംഭിച്ച ‘കാഡ്ഫിൽ’ ബ്രാൻഡിന്റെ ആദ്യ ഉൽപന്നം സംരംഭകരായ അമൽ കെ. കെ., വിഷ്ണു ബാലചന്ദ്രൻ എന്നിവരിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *