മ തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ പൊതുപരിപാടികളിലെയും യാത്രകളിലെയും സുരക്ഷ ശക്തമാക്കാൻ പൊലീസ് നിർദേശം. പൊതുപരിപാടികൾക്കിടെ നിയന്ത്രണമില്ലാതെ ആളുകൾ മുഖ്യമന്ത്രിയോട് അടുത്തെത്തുകയും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സാഹചര്യം സുരക്ഷാ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തലിനെ തുടർന്നാണ് നടപടി.
പൊതുപരിപാടികളിലും മുഖ്യമന്ത്രി സഞ്ചരിക്കുന്ന റൂട്ടുകളിലും ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി. യൂണിഫോമിലുള്ള ഉദ്യോഗസ്ഥർക്കു പുറമേ മഫ്തിയിലുള്ള പൊലീസുകാരെയും അധികമായി വിന്യസിക്കാനാണ് നിർദേശം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശത്തിലുണ്ട്.
മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങളും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാനുള്ള നിർദേശത്തിന് പിന്നിലെ സാഹചര്യങ്ങളിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, യാത്രയിൽ പൈലറ്റ്, എസ്കോർട്ട് വാഹനങ്ങൾ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

