റോബോട്ട് ഒളിമ്പ്യാഡിൽ മലയാളിത്തിളക്കം; ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം

ഹൈദരാബാദ്: വേൾഡ് റോബോട്ട് ഒളിമ്പ്യാഡ് ഏഷ്യ–പസഫിക് ഓപ്പൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം. 14 വയസിന് താഴെയുള്ളവരുടെ ‘ഫ്യൂച്ചർ ഇന്നവേറ്റേഴ്സ് ജൂനിയർ’ വിഭാഗത്തിലാണ് മുംബൈയിൽ നിന്നുള്ള ഇന്ത്യൻ സംഘം നേട്ടം സ്വന്തമാക്കിയത്.

മലയാളിയായ ഇവാൻ മെർജിൻ ജോസ്, അഗസ്ത്യ ഹുബ്ലികർ, റെയാൻഷ് ജാദവ് എന്നിവരടങ്ങിയതായിരുന്നു ഇന്ത്യൻ ടീം. തൃശൂർ കുരിയച്ചിറ സ്വദേശിയായ ഇവാൻ മെർജിൻ ജോസ്, മെർജിൻ ജോസ് പൊഴോലിപ്പറമ്പിൽ–അശ്വതി മെർജിൻ ദമ്പതികളുടെ മകനാണ്.

ഹൈദരാബാദിലെ ജിഎംആർ അരീനയിൽ നടന്ന മത്സരത്തിൽ 20ലേറെ രാജ്യങ്ങളിൽ നിന്നായി 149 ടീമുകൾ പങ്കെടുത്തു. ‘റോബോട്ടുകൾ സംസ്കാരത്തെ തൊടുമ്പോൾ’ എന്നതായിരുന്നു മത്സരത്തിന്റെ പ്രമേയം. ദക്ഷിണ കൊറിയ രണ്ടാം സ്ഥാനവും ഫിലിപ്പീൻസ് മൂന്നാം സ്ഥാനവും നേടി.

നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പരമ്പരാഗത നെയ്ത്തുകരകൗശലത്തെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംരക്ഷിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതിയാണ് ഇന്ത്യൻ സംഘം അവതരിപ്പിച്ചത്. തൊഴിലാളികളുടെ സർഗാത്മകതയും പരമ്പരാഗത വൈദഗ്ധ്യവും നിലനിർത്തിക്കൊണ്ട് റോബോട്ടിക്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസും സംയോജിപ്പിച്ചാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *