ജമ്മു കാഷ്മീരിൽ അപൂർവ നീക്കം; സംസ്ഥാന പദവി പ്രമേയത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥർ സ്പീക്കർക്ക് കത്തെഴുതി

ജമ്മു: ജമ്മു കാഷ്മീരിന് സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിനെതിരെ ഉന്നത ഉദ്യോഗസ്ഥർ സ്പീക്കർക്ക് കത്തയച്ചത് വിവാദമായി. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പ്രമേയം സഭയിൽ ചർച്ച ചെയ്യാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി അറ്റൽ ദുല്ലൂ, നിയമ സെക്രട്ടറി അചൽ സേത്തി എന്നിവർ നിയമസഭാ സെക്രട്ടേറിയറ്റിന് പ്രത്യേകം കത്തയച്ചത്.

മുഖ്യമന്ത്രി ഒമർ അബ്ദുള്ള സെപ്റ്റംബർ 25ന് പ്രമേയം അവതരിപ്പിക്കുകയും സ്പീക്കർ അത് സഭയുടെ പരിഗണനയ്ക്കായി സ്വീകരിക്കുകയും ചെയ്തതിന് ശേഷമാണ് ഉദ്യോഗസ്ഥരുടെ കത്തുകൾ ലഭിച്ചത്. ബന്ധപ്പെട്ട മന്ത്രിയുടെയോ സർക്കാരിന്റെയോ അനുമതിയില്ലാതെ ഉദ്യോഗസ്ഥർ നിയമസഭാ സെക്രട്ടേറിയറ്റിന് കത്തയച്ചതിനെ സ്പീക്കർ അബ്ദുൽ റഹീം റാത്തർ അപൂർവമായ ഇടപെടലെന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം നടപടി സഭയുടെ പ്രവർത്തനത്തെ ബാധിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പ്രതികരിച്ചു.

നിയമവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായ തനിക്ക് ഉദ്യോഗസ്ഥർ ഇത്തരമൊരു അഭിപ്രായം നൽകിയ വിവരം അറിയില്ലായിരുന്നുവെന്ന് ഒമർ അബ്ദുള്ള നിയമസഭയിൽ പറഞ്ഞു. തന്റെ അറിവില്ലാതെ ചീഫ് സെക്രട്ടറിയും നിയമ സെക്രട്ടറിയും പ്രമേയത്തിനെതിരെ നിലപാട് അറിയിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. ജമ്മു കാഷ്മീർ പൂർണ സംസ്ഥാനമല്ലാത്തതിന്റെ പ്രതിഫലനമാണ് ഇത്തരം സാഹചര്യമെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തിനും ഇറങ്ങിപ്പോക്കിനുമിടെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന പ്രമേയം ജമ്മു കാഷ്മീർ നിയമസഭ പാസാക്കി. കേന്ദ്രസർക്കാരിനോട് ജമ്മു കാഷ്മീരിന് പൂർണ സംസ്ഥാന പദവി അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നാണ് പ്രമേയത്തിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *