വ്യാപാരക്കരാർ: കനേഡിയൻ വ്യാപാരമന്ത്രി ഒക്ടോബറിൽ ഇന്ത്യയിലെത്തും

ന്യൂഡൽഹി: ഇന്ത്യ–കാനഡ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) സംബന്ധിച്ച ചർച്ചകൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി കനേഡിയൻ അന്താരാഷ്ട്ര വ്യാപാരമന്ത്രി മനീന്ദർ സിദ്ദു ഒക്ടോബർ 12 മുതൽ 17 വരെ ഇന്ത്യ സന്ദർശിക്കും. കാനഡയുടെ ഔദ്യോഗിക രേഖ പ്രകാരം, മന്ത്രിയുടെ നേതൃത്വത്തിലുള്ള വ്യാപാരസംഘവും ഇന്ത്യയിലെത്തും.

കരാർ സംബന്ധിച്ച അഞ്ചാംഘട്ട ചർച്ചകൾ ഒക്ടോബർ 5ന് കാനഡയിൽ നടക്കാനിരിക്കെയാണ് സിദ്ദുവിന്റെ ഇന്ത്യാ സന്ദർശനം. സെപ്റ്റംബർ 18, 19 തീയതികളിലും അദ്ദേഹം ഇന്ത്യ സന്ദർശിച്ച് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും 2026 അവസാനത്തോടെ CEPA ചർച്ചകൾ പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തിലാണ്.

2030ഓടെ ഇന്ത്യ–കാനഡ ഉഭയകക്ഷി വ്യാപാരം 70 ബില്യൺ ഡോളറായി ഉയർത്തുകയാണ് ഇരുരാജ്യങ്ങളുടെയും പ്രഖ്യാപിത ലക്ഷ്യം. 2025ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ചരക്ക്-സേവന വ്യാപാരം 30.4 ബില്യൺ ഡോളറായിരുന്നു.

ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ സന്ദർശിക്കുമെന്നാണ് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കിയിട്ടുള്ളത്. അതിന് മുമ്പായി വ്യാപാര ചർച്ചകൾ പൂർത്തിയാക്കുന്നതിനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *