കാഠ്മണ്ഡു: നേപ്പാളിലെ ഹിംലങ് ഹിമാൽ കൊടുമുടിയിലുണ്ടായ ഹിമപാതത്തിൽ മരിച്ച നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 12 പേരെ ഇപ്പോഴും കണ്ടെത്താനുണ്ടെന്ന് അധികൃതർ അറിയിച്ചു.
7,126 മീറ്റർ ഉയരമുള്ള ഹിംലങ് ഹിമാലിന്റെ ബേസ് ക്യാംപിലാണ് ഞായറാഴ്ച ഹിമപാതമുണ്ടായത്. പർവതാരോഹകരും സഹായികളും താമസിച്ചിരുന്ന ടെന്റ് ഹിമപാതത്തിൽപ്പെട്ടതായാണ് വിവരം. കാണാതായവരിൽ തൊഴിലാളികളും ഗൈഡുമുണ്ടെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച ചേബി ഭോട്ടെ, പാസാങ് ഭോട്ടെ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. തിങ്കളാഴ്ച ബീരേന്ദ്ര ഗുരുങ്, ഘൻശ്യാം റായ് എന്നിവരുടെ മൃതദേഹങ്ങളും രക്ഷാപ്രവർത്തകർ കണ്ടെടുത്തു. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
പ്രതികൂലമായ കാലാവസ്ഥയ്ക്കിടെയാണ് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. സംഭവത്തിൽ മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യത സംബന്ധിച്ച് അധികൃതർ സ്ഥിരീകരണം നൽകിയിട്ടില്ല.

