അമേരിക്കയിൽ വൻ സ്റ്റീൽ പ്ലാന്റ്; 15 ബില്യൺ ഡോളർ നിക്ഷേപവുമായി എസ്സാർ ഗ്രൂപ്പ്

വാഷിങ്ടൺ: ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ എസ്സാർ ഗ്രൂപ്പ് അമേരിക്കയിലെ അയോവയിൽ വൻ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ 15 ബില്യൺ ഡോളർ നിക്ഷേപിക്കും. എസ്സാറിന്റെ ഉടമസ്ഥതയിലുള്ള യുഎസ് കമ്പനിയായ മെസാബി മെറ്റാലിക്‌സാണ് പദ്ധതി നടപ്പാക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ പദ്ധതിയുടെ പ്രഖ്യാപനം നടത്തി.

അയോവയിലെ പ്ലാന്റിൽ ആദ്യഘട്ടത്തിൽ പ്രതിവർഷം 75 ലക്ഷം ടൺ സ്റ്റീൽ ഉൽപ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പിന്നീട് ഉൽപ്പാദനശേഷി ഒരു കോടി ടണ്ണായി ഉയർത്തും. 2030ഓടെ സ്റ്റീൽ ഉൽപ്പാദനം ആരംഭിക്കാനാണ് പദ്ധതിയെന്ന് അധികൃതർ അറിയിച്ചു. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ സ്റ്റീൽ പ്ലാന്റുകളിലൊന്നായി ഇത് മാറുമെന്നാണ് അധികൃതരുടെ വിശദീകരണം.

മിനസോട്ടയിലെ മെസാബി അയൺ റേഞ്ചിൽ എസ്സാർ ഗ്രൂപ്പ് വികസിപ്പിക്കുന്ന ഇരുമ്പയിര് ഖനിയിൽ നിന്നുള്ള അയിര് ഉപയോഗിച്ചായിരിക്കും അയോവയിലെ പ്ലാന്റിൽ സ്റ്റീൽ നിർമിക്കുക. ഖനി വികസനത്തിനായി ഏകദേശം 2.5 ബില്യൺ ഡോളർ നിക്ഷേപിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി അയോവയിൽ 6,000 വരെ നിർമാണ തൊഴിലുകളും പ്രവർത്തനം ആരംഭിച്ചശേഷം ഏകദേശം 1,750 സ്ഥിരം തൊഴിലുകളും സൃഷ്ടിക്കപ്പെടുമെന്ന് കമ്പനി അറിയിച്ചു.

മിനസോട്ടയിലെ ഖനിയും അയോവയിലെ സ്റ്റീൽ പ്ലാന്റും ഉൾപ്പെടുന്ന മുഴുവൻ പദ്ധതിയിലെ മൊത്തം നിക്ഷേപം 18 ബില്യൺ ഡോളറാണെന്നാണ് എസ്സാർ ഗ്രൂപ്പിന്റെയും മെസാബി മെറ്റാലിക്‌സിന്റെയും വിശദീകരണം. ഇതിൽ 15 ബില്യൺ ഡോളർ അയോവയിലെ സ്റ്റീൽ സമുച്ചയത്തിനും ഏകദേശം 3 ബില്യൺ ഡോളർ മിനസോട്ടയിലെ ഖനി-പെല്ലറ്റ് പ്ലാന്റിനുമാണ്.

പദ്ധതിയുടെ നിർമാണവും ആദ്യ പത്ത് വർഷത്തെ പ്രവർത്തനവും ഉൾപ്പെടെ ഏകദേശം 95 ബില്യൺ ഡോളറിന്റെ സാമ്പത്തിക ഉൽപ്പാദനത്തിന് വഴിയൊരുക്കുമെന്നാണ് കമ്പനിയുടെ കണക്ക്.

Leave a Reply

Your email address will not be published. Required fields are marked *