മുന്നൂറിലധികം മലയാളി സംരംഭകരെ അണിനിരത്തി വേൾഡ് മലയാളി കൗൺസിൽ ‘എമർജ് 2026’ ബിസിനസ് കോൺക്ലേവ് കോയമ്പത്തൂരിൽ വിജയകരമായി സമാപിച്ചു

കോയമ്പത്തൂർ: വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ ബിസിനസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘എമർജ് 2026: ദി ബിസിനസ് ഒക്ടേവ്’ (Emerge The Business Octave 2026) കോൺക്ലേവ് വൻ വിജയമായി സമാപിച്ചു. കോയമ്പത്തൂരിലെ ഹോട്ടൽ ‘ഒ ബൈ താമര’യിൽ നടന്ന സംഗമത്തിൽ ഇന്ത്യയിലെ വിവിധ പ്രവിശ്യകളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമായി മുന്നൂറിലധികം പ്രമുഖ മലയാളി സംരംഭകരും വ്യവസായ പ്രമുഖരും പങ്കെടുത്തു.

ബിസിനസ് മേഖലയിലെ ആധുനിക പ്രവണതകൾ, വളർച്ചാ സാധ്യതകൾ, പുത്തൻ സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചുള്ള വിജ്ഞാനപ്രദമായ ചർച്ചകളും ക്ലാസുകളും പരിപാടിയുടെ ഭാഗമായി നടന്നു. പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്താനും പരസ്പര ബിസിനസ് ശൃംഖല (നെറ്റ്‌വർക്കിംഗ്) വിപുലീകരിക്കാനും കോൺക്ലേവ് മികച്ച വേദിയൊരുക്കി. ബിസിനസ് സെഷനുകൾക്ക് പുറമെ പ്രൊഫഷണൽ സംവാദങ്ങൾ, വർണ്ണാഭമായ കലാപരിപാടികൾ, ഗാനമേള, വിഭവസമൃദ്ധമായ വിരുന്ന് എന്നിവയും കോൺക്ലേവിനെ ശ്രദ്ധേയമാക്കി.

ഓസ്‌ട്രേലിയ, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡബ്ല്യുഎംസി പ്രതിനിധികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഉച്ചകോടി അത്യധികം ഗംഭീരവും ചിട്ടയോടും കൂടിയാണ് സംഘടിപ്പിച്ചതെന്നും ആഗോളതലത്തിൽ മലയാളി സംരംഭകരുടെ കൂട്ടായ്മയ്ക്ക് ഇതൊരു വലിയ നാഴികക്കല്ലാണെന്നും ഡബ്ല്യുഎംസി സിഡ്നി & സെൻട്രൽ കോസ്റ്റ് പ്രതിനിധി ഡോ. ബാബു ഫിലിപ്പ് അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി. പരിപാടിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സംഘാടക സമിതിയെയും വോളന്റിയർമാരെയും നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.

കോയമ്പത്തൂരിലെ കോൺക്ലേവിന്റെ വൻ വിജയത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് തൃശൂരിലും സമാനമായ രീതിയിൽ ബിസിനസ് സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചതായി വള്ളുവനാട് പ്രൊവിൻസ് പ്രസിഡന്റ് അറിയിച്ചു. ദേശീയ നേതാക്കളായ പദ്മകുമാർ ജി, സുരേന്ദ്രൻ കണ്ണാട്ട് ജി എന്നിവരുടെ പൂർണ്ണ പിന്തുണയോടെ കൂടുതൽ റീജിയനുകളിലേക്കും പ്രവിശ്യകളിലേക്കും ഇത്തരം സംരംഭക കൂട്ടായ്മകൾ വ്യാപിപ്പിക്കുമെന്നും, അതുവഴി പരസ്പരം ബന്ധപ്പെടാനും പഠിക്കാനും സഹകരിച്ചു വളരാനുമുള്ള അവസരങ്ങൾ കൂടുതൽ സംരംഭകരിലേക്ക് എത്തിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *