പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ അഞ്ചും മൂന്നും വയസുള്ള സഹോദരങ്ങൾ വെള്ളത്തൊട്ടിയിൽ മരിച്ച സംഭവത്തിൽ അമ്മ നിവേദ്യയുടെ മൊഴിയിൽ നിർണായക വിവരങ്ങൾ. കുട്ടികളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയതാണെന്ന് നിവേദ്യ ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
അഞ്ചുവയസുകാരി ജെനിഫർ ജൂലിയറ്റിനെയും മൂന്നുവയസുകാരൻ റോബിൻ ക്രിസ്റ്റഫറിനെയുമാണ് വീട്ടിലെ കുളിമുറിയിലെ വെള്ളത്തൊട്ടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം മകളെ വെള്ളത്തിൽ മുക്കിയശേഷം ഇളയ കുട്ടിയെയും വെള്ളത്തിൽ മുക്കിയെന്നാണ് നിവേദ്യയുടെ മൊഴി. പോസ്റ്റ്മോർട്ടത്തിൽ കുട്ടികൾ മുങ്ങിമരിച്ചതാണെന്നു സ്ഥിരീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.
സ്വതന്ത്രമായി ജീവിക്കാനും മോഡലിങ് പഠിക്കാനുമുള്ള ആഗ്രഹത്തിന് കുട്ടികൾ തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിവേദ്യ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഈ കാരണം പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും കൊലപാതകത്തിലേക്ക് നയിച്ച യഥാർഥ സാഹചര്യം എന്താണെന്നും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്. നിവേദ്യയുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
കുട്ടികൾ മരിച്ച സമയത്ത് വീട്ടിൽ നിവേദ്യ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരേസമയം വെള്ളത്തിൽ വീണ് മരിക്കാനുള്ള സാധ്യത സംബന്ധിച്ച സംശയമാണ് വിശദമായ അന്വേഷണത്തിലേക്ക് നയിച്ചത്. കേസിൽ നിവേദ്യയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് റിമാൻഡ് ചെയ്തു.

