സിഡ്നി: വൻ ലഹരിമരുന്ന് ശേഖരവും തോക്കുകളും പോലീസ് യൂണിഫോമുകളുമായി നാല് പേരെ ന്യൂ സൗത്ത് വെയിൽസ് (എൻ.എസ്.ഡബ്ല്യു) പോലീസ് അറസ്റ്റ് ചെയ്തു. ബനോറ പോയിന്റിൽ പോലീസ് നടത്തിയ നിർണായക പരിശോധനയിലാണ് വൻ ആയുധ-ലഹരി ശേഖരം പിടിച്ചെടുത്തത്. പിടിയിലായ നാല് പ്രതികൾക്കെതിരെയും വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.
പരിശോധനയിൽ മൂന്ന് കിലോഗ്രാം മെത്താംഫെറ്റാമൈൻ, ഒരു കിലോഗ്രാം കൊക്കെയ്ൻ എന്നിവയാണ് പോലീസ് കണ്ടെടുത്തത്. കൂടാതെ ആറ് റൈഫിളുകളും വെടിയുണ്ടകളും ക്വീൻസ്ലാൻഡ് പോലീസിന്റെ യൂണിഫോം ഭാഗങ്ങളും പ്രതികളിൽനിന്ന് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് 29 വയസ്സുകാരനെതിരെ 31 വകുപ്പുകളും 33 വയസ്സുകാരനെതിരെ 16 വകുപ്പുകളുമാണ് ചുമത്തിയിട്ടുള്ളത്. ഇവർക്ക് പുറമെ 22 വയസ്സുകാരനായ മറ്റൊരു യുവാവും 32 വയസ്സുള്ള യുവതിയും കേസിൽ പ്രതികളാണ്. അറസ്റ്റിലായ നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളി.
സംഘടിത ക്രിമിനൽ സംഘങ്ങളുമായുള്ള ബന്ധം, വൻതോതിലുള്ള ലഹരിമരുന്ന് വിതരണം, അനധികൃത ആയുധം കൈവശം വെക്കൽ, അനധികൃത സ്വത്ത് സമ്പാദനം എന്നിവയുമായി ബന്ധപ്പെട്ടാണ് പ്രതികൾക്കെതിരെ നടപടിയെടുത്തിട്ടുള്ളതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

