ഗ്ലെനെൽഗ് സ്പൈനി ക്രേ ഫിഷുകളെ പിടികൂടി ഭക്ഷിച്ചതായി സംശയം; വിക്ടോറിയയിൽ അന്വേഷണം ശക്തം

മെൽബൺ: തെക്കുപടിഞ്ഞാറൻ വിക്ടോറിയയിൽ അതീവ സംരക്ഷിത വിഭാഗത്തിൽപ്പെട്ട ഗ്ലെനെൽഗ് സ്പൈനി ക്രേഫിഷുകളെ അനധികൃതമായി പിടികൂടി ഭക്ഷിച്ചതായി സംശയം. അനധികൃത മത്സ്യബന്ധനം റിപ്പോർട്ട് ചെയ്യാനുള്ള വിക്ടോറിയൻ അധികൃതരുടെ ’13FISH’ (13 3474 എന്ന ഹെൽപ്‌ലൈൻ നമ്പറിലേക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ഫിഷറീസ് ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു.

ഹാമിൽട്ടണിന് സമീപമുള്ള റസ്സൽസ് റോഡരികിൽ പാകം ചെയ്ത ക്രേഫിഷുകളുടെ തലകളും കാലുകളും ഉപയോഗിച്ച ചൂണ്ടയിലെ ഇരകളും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ഒരു വ്യക്തിയാണ് വിവരം അധികൃതരെ അറിയിച്ചത്. പന്ത്രണ്ടോളം ക്രേഫിഷുകളെ ഇത്തരത്തിൽ നിയമവിരുദ്ധമായി പിടികൂടിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

പൂർണ്ണ സംരക്ഷിത വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള അപൂർവ്വ ശുദ്ധജല കൊഞ്ചു വർഗ്ഗമാണ് ഗ്ലെനെൽഗ് സ്പൈനി ക്രേഫിഷ്. വിനോദ ആവശ്യങ്ങൾക്കായുള്ള മത്സ്യബന്ധനത്തിൽ ഇവയെ പിടികൂടുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. തെക്കുപടിഞ്ഞാറൻ വിക്ടോറിയയിലെ വളരെ ചെറിയൊരു ഭൂപ്രദേശത്ത് മാത്രമാണ് ഈ ജീവിവർഗ്ഗം കാണപ്പെടുന്നത്.

നിയമവിരുദ്ധമായി തദ്ദേശീയ വന്യജീവികളെ നശിപ്പിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഇത്തരം സംശയാസ്പദമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ’13FISH’ (13 3474) എന്ന നമ്പറിലൂടെ വിവരം അറിയിക്കണമെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *