മെൽബൺ: നിരോധിത എ.ഡി.എച്ച്.ഡി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഓസ്‌ട്രേലിയയുടെ പ്രശസ്തമായ സ്റ്റാവൽ ഗിഫ്റ്റ് 2026 ജേതാവ് ഒലുഫെമി “ഫെമി” കൊമോലാഫെക്ക് (21) 12 മാസത്തെ വിലക്ക്. മത്സരത്തിൽ നിന്ന് വിലക്കിയതിന് പുറമെ താരത്തിന്റെ കിരീടവും 40,000 ഡോളറിന്റെ സമ്മാനത്തുകയും അധികൃതർ റദ്ദാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഏപ്രിലിൽ നടന്ന ചരിത്രപ്രസിദ്ധമായ 120 മീറ്റർ ഹാൻഡികാപ്പ് സ്പ്രിന്റിൽ അഞ്ച് മീറ്റർ മാർക്കിൽനിന്ന് മത്സരിച്ച കൊമോലാഫെ, 11.93 സെക്കൻഡിൽ വ്യക്തിഗത മികച്ച സമയത്തോടെയാണ് ഒന്നാമതെത്തിയിരുന്നത്. എന്നാൽ തെറാപ്യൂട്ടിക് യൂസ് എക്‌സംപ്ഷൻ അഥവാ മുൻകൂട്ടിയുള്ള പ്രത്യേക അനുമതിയില്ലാതെ ഇത്തരം ഉത്തേജക സ്വഭാവമുള്ള എ.ഡി.എച്ച്.ഡി മരുന്നുകൾ കായികമത്സരങ്ങളിൽ ഉപയോഗിക്കുന്നത് ഉത്തേജക വിരുദ്ധ ചട്ടങ്ങളുടെ ലംഘനമാണ്. ലംഘനത്തിന്റെ സ്വഭാവമനുസരിച്ച് ഒന്നു മുതൽ നാലു വർഷം വരെയാണ് സാധാരണയായി ഇത്തരം കേസുകളിൽ വിലക്ക് ഏർപ്പെടുത്താറുള്ളത്.
ശരിയായ മുൻകൂർ അനുമതി വാങ്ങാത്തതുമൂലം ഓസ്‌ട്രേലിയയിലെ നിരവധി കായികതാരങ്ങൾ അറിയാതെ ഇത്തരം ചട്ടലംഘനങ്ങളിൽ പെട്ടുപോകുന്നുണ്ടെന്ന് സ്‌പോർട്‌സ് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയ വ്യക്തമാക്കി. ചികിത്സയുടെ ഭാഗമായുള്ള യഥാർത്ഥ ആവശ്യങ്ങൾക്ക് പോലും കൃത്യമായ രോഗനിർണ്ണയവും ഡോക്ടറുടെ കുറിപ്പടിയും ഉത്തേജക വിരുദ്ധ സമിതിയുടെ മുൻകൂർ അനുമതിയും നിർബന്ധമാണെന്ന് സ്‌പോർട്‌സ് ഇന്റഗ്രിറ്റി ഓസ്‌ട്രേലിയ സി.ഇ.ഒ ഡോ. സാറാ ബെൻസൺ ഓർമ്മിപ്പിച്ചു.

