സിഡ്നി: സന്ദർശനത്തിനായി ഈജിപ്തിലേക്ക് പോയ യുവതിയെ ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ അനുവദിക്കാതെ തടഞ്ഞുവെച്ച കേസിൽ 44 വയസ്സുകാരനായ സിഡ്നി സ്വദേശിക്കെതിരെ ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് ‘എക്സിറ്റ് ട്രാഫിക്കിംഗ്’ കുറ്റം ചുമത്തി. റൈഡ് സ്വദേശിയായ ഇയാൾ തനിക്ക് പരിചയമുള്ള യുവതിയെ 2024 നവംബറിൽ ബന്ധുക്കളെ കാണാനെന്ന വ്യാജേന ഈജിപ്തിലേക്ക് അയച്ച ശേഷം തിരികെ വരുന്നത് തടയാൻ ആസൂത്രിത നീക്കങ്ങൾ നടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
യുവതി ഓസ്ട്രേലിയയിൽ നിന്ന് യാത്ര തിരിക്കും മുൻപുതന്നെ അവരുടെ വിസ റദ്ദാക്കാനുള്ള നടപടികൾ ഇയാൾ ആരംഭിച്ചിരുന്നതായി പോലീസ് ആരോപിക്കുന്നു. യുവതി വിദേശത്തായിരുന്ന സമയത്ത് അവരുടെ മടക്കയാത്രാ വിമാന ടിക്കറ്റ് ഇയാൾ റദ്ദാക്കി. കൂടാതെ യുവതിയുടെ ഓൺലൈൻ അക്കൗണ്ടുകൾ അനധികൃതമായി കൈക്കലാക്കുകയും, ലോഗിൻ വിവരങ്ങൾ മാറ്റി അവരെ അക്കൗണ്ടുകളിൽ നിന്ന് പുറത്താക്കുകയും ചെയ്തു. യുവതിയായി ആൾമാറാട്ടം നടത്തിയാണ് ഇയാൾ വിസ റദ്ദാക്കൽ പൂർത്തിയാക്കിയതെന്നും അന്വേഷണ സംഘം കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 30-ന് ഇയാളുടെ റൈഡിലുള്ള വസതിയിൽ പോലീസ് നടത്തിയ റെയ്ഡിൽ മൂന്ന് മൊബൈൽ ഫോണുകളും ഒരു ലാപ്ടോപ്പും പിടിച്ചെടുത്തു. എക്സിറ്റ് ട്രാഫിക്കിംഗ്, വ്യാജരേഖ ചമയ്ക്കലും ആൾമാറാട്ടവും തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. ഇവ തെളിയിക്കപ്പെട്ടാൽ യഥാക്രമം 12 വർഷവും അഞ്ച് വർഷവും വരെ തടവുശിക്ഷ ലഭിക്കാം. പോലീസ് ജാമ്യം നിഷേധിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി.

