കാൻബറ: ഓസ്ട്രേലിയയിൽ പ്രവർത്തിക്കുന്ന വൻകിട കോർപ്പറേറ്റ് കമ്പനികളിൽ 27 ശതമാനവും കോർപ്പറേറ്റ് ആദായനികുതി അടച്ചില്ലെന്ന് ഓസ്ട്രേലിയൻ ടാക്സേഷൻ ഓഫീസിന്റെ (എ.ടി.ഒ) ഏറ്റവും പുതിയ സുതാര്യതാ റിപ്പോർട്ട്. റിപ്പോർട്ടിൽ ഉൾപ്പെട്ട 4,299 വൻകിട കമ്പനികളിൽ 1,149 എണ്ണവും 2024–25 സാമ്പത്തിക വർഷത്തിൽ ഒരു രൂപ പോലും നികുതി നൽകിയിട്ടില്ലെന്നാണ് എ.ടി.ഒ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, 3,150 കമ്പനികൾ കോർപ്പറേറ്റ് നികുതി കൃത്യമായി അടച്ചിട്ടുണ്ട്. രാജ്യത്ത് ആകെ ലഭിച്ച കോർപ്പറേറ്റ് നികുതി വരുമാനം 8.6 ശതമാനം ഇടിഞ്ഞ് 8,750 കോടി ഡോളറിലെത്തി. ഇതിൽ ഖനനം, ഊർജ്ജം, ജലം തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് ഏറ്റവും വലിയ വിഹിതമായ 3,590 കോടി ഡോളർ സംഭാവന ചെയ്തത്.
കമ്പനികൾ ലാഭം വിദേശത്തേക്ക് കടത്തുന്നത് തടയാൻ എ.ടി.ഒ പരിശോധന ശക്തമാക്കിയിട്ടുണ്ട്. വിദേശ ധനകാര്യ ഇടപാടുകൾ, റോയൽറ്റികൾ, മാർക്കറ്റിംഗ് ഹബ്ബുകൾ, വിദേശ പ്രൈവറ്റ് ഇക്വിറ്റി ക്രമീകരണങ്ങൾ എന്നിവയാണ് പ്രധാനമായും നിരീക്ഷണത്തിലുള്ളത്. ഇതിനുപുറമെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ക്ലൗഡ് കമ്പ്യൂട്ടിംഗ്, ഡാറ്റാ സെന്ററുകൾ എന്നീ മേഖലകളെയും കർശന പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നികുതി വെട്ടിപ്പ് തടയാനുള്ള പ്രത്യേക കർമ്മസേന (ടാക്സ് അവോയ്ഡൻസ് ടാസ്ക്ഫോഴ്സ്) രൂപീകരിച്ച 2016 മുതൽ ഇതുവരെ അധിക വരുമാനമായി 3,600 കോടി ഡോളർ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും എ.ടി.ഒ അറിയിച്ചു.
ഒരു കമ്പനി കോർപ്പറേറ്റ് നികുതി അടയ്ക്കാതിരിക്കുന്നത് ക്രമക്കേട് ഉള്ളതുകൊണ്ടാകണമെന്നില്ലെന്നും എ.ടി.ഒ വ്യക്തമാക്കി. മുൻ വർഷങ്ങളിലെ നഷ്ടം, നടപ്പ് സാമ്പത്തിക വർഷത്തിലെ പ്രവർത്തന നഷ്ടം, നിയമാനുസൃതമായ ടാക്സ് ഓഫ്സെറ്റുകൾ എന്നിവ കാരണമാകാം പല കമ്പനികളും നികുതി പരിധിയിൽ വരാതിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

