കൗതുകത്തിൽ തുടങ്ങി കാരുണ്യത്തിലേക്ക്; ആയിരക്കണക്കിന് അടിവസ്ത്രങ്ങൾ തൂക്കിയിട്ട ന്യൂസിലൻഡിലെ വിചിത്ര വേലി ‘ബ്രാഡ്രോണ’

കാർഡ്രോണ: പച്ചപുതച്ച മലഞ്ചെരിവുകളും ലാവണ്ടർ പൂക്കളും നിറഞ്ഞ മനോഹരമായ ന്യൂസിലൻഡിൽ സഞ്ചാരികളെ അമ്പരപ്പിക്കുന്ന വ്യത്യസ്തമായൊരു കാഴ്ചയാണ് കാർഡ്രോണയിലെ ‘ബ്രാഡ്രോണ’ എന്ന വേലി. ഒരു വശത്ത് മലനിരകളും മറുവശത്ത് കടലുമുള്ള പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വേലിയിൽ സ്ത്രീകളുടെ അടിവസ്ത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതാണ് സന്ദർശകരുടെ പ്രധാന ആകർഷണം. തുടക്കത്തിൽ വെറുമൊരു കൗതുകമായിരുന്ന ഈ വേലി ഇന്ന് വിനോദസഞ്ചാരികളുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

40 മീറ്റർ നീളമുള്ള വേലിയിൽ പല നിറങ്ങളിലും വലുപ്പങ്ങളിലുമുള്ള ആയിരക്കണക്കിന് ബ്രാകളാണ് ഇടംപിടിച്ചിട്ടുള്ളത്. ഇവിടെയെത്തുന്ന സഞ്ചാരികൾ വേലിക്കരികിൽ നിന്ന് ഫോട്ടോ എടുക്കുന്നതും തങ്ങളുടെ വക സംഭാവനയായി അടിവസ്ത്രങ്ങൾ ഇതിൽ തൂക്കിയിടുന്നതും പതിവാണ്.

1998 ഡിസംബറിനും 1999 ജനുവരിക്കും ഇടയിലാണ് ഈ വേലിയുടെ ചരിത്രം മാറുന്നത്. ആ കാലയളവിൽ അജ്ഞാതരായ നാല് സ്ത്രീകൾ വഴിയരികിലെ വേലിയിൽ അടിവസ്ത്രങ്ങൾ തൂക്കിയിട്ടതോടെയാണ് ഇതിന് തുടക്കമായത്. തുടർന്ന് മറ്റു ചിലരും ഇതേരീതിയിൽ അടിവസ്ത്രങ്ങൾ തൂക്കാൻ തുടങ്ങിയതോടെ ചുരുങ്ങിയ നാളുകൾക്കുള്ളിൽ വേലി ബ്രാകൾ കൊണ്ട് നിറഞ്ഞു. എന്നാൽ ഈ കാഴ്ചയിൽ നാട്ടുകാർ സന്തുഷ്ടരായിരുന്നില്ല. റോഡിലൂടെ യാത്ര ചെയ്യുന്നവരെല്ലാം വേലിക്കരികിൽനിന്ന് ഫോട്ടോയെടുക്കാൻ വാഹനം നിർത്തുന്നത് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി.

തുടർന്ന് 2006-ൽ പ്രാദേശിക ഭരണകൂടം ഇടപെട്ട് വേലിയിലെ ബ്രാകൾ നീക്കം ചെയ്യാൻ ഉത്തരവിടുകയും അന്ന് 1500-ഓളം ബ്രാകൾ നീക്കം ചെയ്യുകയും ചെയ്തു. എന്നാൽ അതുകൊണ്ടൊന്നും പ്രശ്നം അവസാനിച്ചില്ല. വേലിയിൽ വീണ്ടും ആളുകൾ ബ്രാകൾ തൂക്കാൻ തുടങ്ങിയതോടെ ഭരണകൂടം ഇവ നീക്കം ചെയ്യുന്നതും പതിവായി. വർഷങ്ങളോളം ഈ രീതി തുടർന്നുപോന്നു.

ഒടുവിൽ 2014 നവംബറിലാണ് ഈ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുന്നത്. പ്രധാന വഴിയരികിൽ ഉണ്ടായിരുന്ന വേലി അവിടെ നിന്നും മാറ്റി മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ചു. തുടർന്ന് 2015-ൽ ഈ വേലിക്ക് ‘ബ്രാഡ്രോണ’ എന്ന് പേരിടുകയും ചെയ്തു. ഇതിനുപിന്നാലെ സ്തനാർബുദ രോഗികൾക്കായുള്ള ഫണ്ട് ശേഖരണ പരിപാടികൾക്കും ഇവിടെ തുടക്കമായി. വേലിക്കരികിൽ തന്നെ സ്ഥാപിച്ചിട്ടുള്ള സംഭാവനപ്പെട്ടി വഴി ഇതുവരെ ഏകദേശം 30,000 ഡോളറോളമാണ് സ്തനാർബുദ ബാധിതർക്കായി ശേഖരിക്കാൻ സാധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *