കാൻബറ: ഓസ്ട്രേലിയയിലെ ആശുപത്രികളിൽ കിടക്ക ലഭിക്കുന്നതിനായി 53,000-ലധികം വയോധികർ അടിയന്തര വിഭാഗങ്ങളിൽ 24 മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട്. രാജ്യത്തെ ആരോഗ്യമേഖല നേരിടുന്ന കടുത്ത അടിസ്ഥാനസൗകര്യ പ്രതിസന്ധിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.
ഓസ്ട്രേലിയൻ ജനതയുടെ ആയുർദൈർഘ്യം മുൻപത്തേക്കാൾ വർധിച്ചുവെന്നും അത് സന്തോഷകരമായ കാര്യമാണെന്നും ഓസ്ട്രലേഷ്യൻ കോളേജ് ഫോർ എമർജൻസി മെഡിസിൻ പ്രസിഡന്റ് ഡോ. പീറ്റർ അല്ലെലി പറഞ്ഞു. “എന്നാൽ, ജനങ്ങളുടെ ആയുസ്സ് വർധിച്ചതു വഴിയുണ്ടായ മാറ്റങ്ങളെ നേരിടാൻ നമ്മുടെ ആരോഗ്യസംവിധാനത്തെ സജ്ജമാക്കുന്നതിൽ മാറിമാറി വന്ന സർക്കാരുകൾ പരാജയപ്പെട്ടുവെന്നാണ് ആശുപത്രികളിലെ അടിയന്തര വിഭാഗങ്ങളിൽ കാണുന്ന ഈ ദയനീയ സാഹചര്യം വ്യക്തമാക്കുന്നത്,” എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രായമേറിയ രോഗികൾക്ക് യഥാസമയം കിടക്കകൾ ലഭ്യമാകാത്തത് ആശുപത്രി പ്രവർത്തനങ്ങളെയും അത്യാഹിത വിഭാഗങ്ങളുടെ കാര്യക്ഷമതയെയും സാരമായി ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

