സംസ്ഥാന കായിക ദിനാചരണം; ആവേശം പകർന്ന് മൂന്നാറിലേക്ക് ട്രക്കിംഗ് സംഘടിപ്പിച്ചു

മൂന്നാർ: സംസ്ഥാന കായിക ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ‘മൂന്നാര്‍ ട്രക്കിംഗ്’ സംഘടിപ്പിച്ചു. മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററില്‍ (എച്ച്.എ.റ്റി.സി) നിന്ന് ചൊവ്വാഴ്ച രാവിലെ 8.30-ന് ആരംഭിച്ച ട്രക്കിംഗ് ദേവികുളം സബ് കളക്ടര്‍ വി.എം. ആര്യ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മുഹമ്മദ് ഫൈസല്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂന്നാര്‍ ട്രക്ക് ഫൈന്‍ഡേഴ്സ് അഡ്വഞ്ചര്‍ ഡയറക്ടര്‍ ആര്‍. മോഹനനാണ് ട്രക്കിംഗിന് നേതൃത്വം നല്‍കിയത്. ഹൈ ആൾട്ടിറ്റിയൂഡ് ട്രെയിനിംഗ് സെന്ററിൽ നിന്ന് ആരംഭിച്ച് സെവന്‍മല ലക്ഷ്മി എസ്റ്റേറ്റ് വഴി സഞ്ചരിച്ച സംഘം തിരികെ മൂന്നാര്‍ എച്ച്.എ.റ്റി.സിയില്‍ എത്തിച്ചേരുകയായിരുന്നു.

ഇടുക്കി ജില്ലയിലെ അഡ്വഞ്ചര്‍ സ്പോര്‍ട്സിന്റെ സാധ്യതകള്‍ പൊതുജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ട്രക്കിംഗിൽ ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിനു കീഴിലെ നെടുങ്കണ്ടം, ഇടുക്കി സ്പോര്‍ട്സ് അക്കാദമികളിലെ 36 കായികതാരങ്ങള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. നെല്‍സണ്‍, ആര്‍. ഈശ്വരന്‍, കേരളാ സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ പരിശീലകരായ കെ.റ്റി. റ്റോണി, ബി. സുധീഷ് ബാബു, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി ഇന്‍ചാര്‍ജ് ദീപ്തി മരിയ ജോസ് തുടങ്ങിയവരും ട്രക്കിംഗിന്റെ ഭാഗമായി.

കായിക ദിനാചരണത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിപുലമായ കായിക മത്സരങ്ങളും പരിപാടികളും നടന്നു. ജില്ലാ ഫുട്ബോള്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും, ജില്ലാ അക്വാറ്റിക് അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നീന്തല്‍ മത്സരവും കായിക ദിനാചരണ റാലിയും സംഘടിപ്പിച്ചു. തൊടുപുഴ ഇറക്കംമ്പുഴ ബൈപാസ് റോഡില്‍ ജില്ലാ സൈക്ലിംഗ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ റോഡ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പും, അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ ഖോ-ഖോ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗഹൃദ ഖോ-ഖോ മത്സരവും നടന്നു.

ജില്ലാ ജൂഡോ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ നെടുങ്കണ്ടം മുതല്‍ മൂന്നാര്‍ വരെ വാഹന ജാഥ സംഘടിപ്പിച്ചു. സേനാപതി മാര്‍ബേസില്‍ സ്‌കൂള്‍, എസ്.എന്‍.വി.എച്ച്.എസ്.എസ് എൻ.ആർ. സിറ്റി, മൂന്നാര്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ജൂഡോ പ്രദര്‍ശനവും സ്വയംപ്രതിരോധ ശില്പശാലയും ലഹരിവിരുദ്ധ പ്രചാരണവും നടത്തി. ജില്ലാ ജൂഡോ അസ്സോസിയേഷന്‍ പ്രസിഡന്റ് പി.കെ. ഷാജി, സെക്രട്ടറി സച്ചിന്‍ ജോണി, വൈസ് പ്രസിഡന്റ് സൈജു ചെറിയാന്‍ എന്നിവര്‍ പരിപാടികൾക്ക് നേതൃത്വം നല്‍കി.

ഇതിനുപുറമെ, അറക്കുളം സെന്റ് ജോസഫ് കോളജില്‍ ജില്ലാ ഹോക്കി അസ്സോസിയേഷന്റെ നേതൃത്വത്തിൽ സൗഹൃദ ഹോക്കി മത്സരവും, കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജില്ലാ റോള്‍ബോള്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സൗഹൃദ റോള്‍ബോള്‍ മത്സരവും സംഘടിപ്പിച്ചു. തൊടുപുഴ ഫോര്‍കോര്‍ട്ട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ ഷട്ടില്‍ ബാഡ്മിന്റൺ അസ്സോസിയേഷൻ സംഘടിപ്പിച്ച ഓപ്പണ്‍ ഷട്ടില്‍ ടൂര്‍ണമെന്റ് ജില്ലാ ഒളിമ്പിക് അസ്സോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *