ഭിന്നശേഷി കുട്ടികളെ മാറ്റിനിർത്താതെ ചേർത്തുനിർത്തണം; തുല്യ അവസരങ്ങളും അംഗീകാരവും നൽകണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കൊച്ചി: ഭിന്നശേഷി കുട്ടികളെ സമൂഹത്തിൽനിന്ന് മാറ്റിനിർത്താതെ ചേർത്തുനിർത്തണമെന്നും അവരുടെ കഴിവുകൾക്കും താൽപര്യങ്ങൾക്കും സ്വപ്നങ്ങൾക്കും തുല്യ അവസരങ്ങളും അംഗീകാരവും നൽകണമെന്നും വനിത, ശിശു വികസന, തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം ‘വർണ്ണച്ചിറകുകൾ’ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വനിതാ, ശിശുവികസന വകുപ്പ് അങ്കണവാടികളിലൂടെ കുട്ടികളുടെ പോഷണം, ആരോഗ്യപരിപാലനം, പ്രീ-സ്കൂൾ വിദ്യാഭ്യാസം, വളർച്ചാ നിരീക്ഷണം എന്നിവ ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. മൂന്ന് മുതൽ ആറു വയസ്സുവരെയുള്ള അങ്കണവാടി കുട്ടികൾക്ക് മൂന്നുമാസത്തിലൊരിക്കൽ ആരോഗ്യപരിശോധന നടത്തുന്നതിനായി ‘ബാല്യസ്പന്ദനം’ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പരിശോധനയിൽ രോഗാവസ്ഥ കണ്ടെത്തുന്ന കുട്ടികൾക്ക് തുടർചികിത്സയ്ക്കും വകുപ്പ് നേതൃത്വം നൽകുന്നുണ്ട്.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നത് ഗൗരവകരമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായി കരുതുന്ന വീടുകളിൽനിന്നുപോലും അതിക്രമങ്ങൾ ഉണ്ടാകുന്ന സാഹചര്യം ആശങ്കാജനകമാണ്. ഇത്തരം സംഭവങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഭിന്നശേഷി കുട്ടികൾക്ക് ആവശ്യമായ പരിചരണം, ഉപകരണങ്ങൾ, ഫിസിയോതെറാപ്പി എന്നിവ ലഭ്യമാക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കുന്നുണ്ടെങ്കിലും, സർക്കാരിനൊപ്പം സന്നദ്ധസംഘടനകളുടെയും സമൂഹത്തിന്റെയും പിന്തുണയും ആവശ്യമാണ്. കുട്ടികളുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കൾ ഒറ്റയ്ക്കല്ലെന്നും സർക്കാരും ജനപ്രതിനിധികളും അവർക്കൊപ്പമുണ്ടെന്നും മന്ത്രി ഉറപ്പുനൽകി. കുട്ടികളെ കഴിവുകളുടെ അടിസ്ഥാനത്തിൽ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്നും ഓരോ കുട്ടിയുടെയും സവിശേഷമായ കഴിവുകളും അഭിരുചികളും തിരിച്ചറിഞ്ഞ് വളർത്തണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *