പൊതുകമ്പ്യൂട്ടറുകളിലും മറ്റുള്ളവരുടെ കമ്പ്യൂട്ടറുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിച്ചശേഷം കൃത്യമായി ലോഗൗട്ട് ചെയ്തില്ലെങ്കിൽ സൈബർ തട്ടിപ്പിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്ററിന്റെ മുന്നറിയിപ്പ്. ബ്രൗസർ ടാബോ വിൻഡോയോ അടച്ചാൽ മാത്രം അക്കൗണ്ട് ലോഗൗട്ടാകില്ലെന്നും, ഓരോ ഉപയോഗത്തിനുശേഷവും പ്രത്യേകം ലോഗൗട്ട് ചെയ്യണമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ലോഗൗട്ട് ചെയ്യാത്ത അക്കൗണ്ടിലൂടെ സ്വകാര്യ സന്ദേശങ്ങളും ചിത്രങ്ങളും രേഖകളും മറ്റുള്ളവർക്ക് കാണാനും ആൾമാറാട്ടം നടത്തി പണം തട്ടാനും സാധ്യതയുണ്ട്. ഇതിനാൽ വാട്സ്ആപ്പിലെ സെറ്റിംഗ്സിൽ ലിങ്ക്ഡ് ഡിവൈസസ് പരിശോധിച്ച് അപരിചിത ഉപകരണങ്ങൾ ലോഗൗട്ട് ചെയ്യണം. ഇതിനൊപ്പം ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ കൂടി സജ്ജമാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.

