കൊച്ചി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സുരക്ഷ മനഃപൂർവം പിൻവലിച്ചതാണ് അദ്ദേഹത്തിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് രൂക്ഷമായ മറുപടിയും നിർണ്ണായക ചോദ്യങ്ങളുമായി സംവിധായകനും മുൻ സൈനിക ഉദ്യോഗസ്ഥനുമായ മേജർ രവി. രാജീവ് ഗാന്ധി വധക്കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിനൊപ്പം പ്രവർത്തിച്ച നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (NSG) ക്യാപ്റ്റനായിരുന്നു അന്ന് മേജർ രവി.
സുരക്ഷ പിൻവലിച്ചതാണ് കാരണമെങ്കിൽ അതിന് ആരാണ് ഉത്തരവാദിയെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്ന് മേജർ രവി ആവശ്യപ്പെട്ടു. തന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയാൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിച്ചു.
“രാജീവ് ഗാന്ധിയുടെ സുരക്ഷ പിൻവലിച്ചതുകൊണ്ടാണ് അദ്ദേഹത്തിന് ഈ ദുരന്തമുണ്ടായത് എന്ന് രാഹുൽ ഗാന്ധി ഇപ്പോൾ പറയുന്നത് ശരിയാണെന്ന് തന്നെ വച്ചോളൂ, പക്ഷേ അതിന് ആരാണ് ഉത്തരവാദി എന്നതാണ് എന്റെ പ്രധാന ചോദ്യം. സുരക്ഷ പിൻവലിച്ചിരുന്നു എന്നാണോ പറയുന്നത്? എനിക്കതിനെക്കുറിച്ച് കൃത്യമായ വിവരമില്ല. കാരണം, അന്ന് വി.പി. സിങ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിലും ആ സർക്കാർ നിലനിന്നിരുന്നത് കോൺഗ്രസിന്റെ പിന്തുണയോടെയായിരുന്നു. വി.പി. സിങ് ഒരിക്കലും സുരക്ഷ പൂർണ്ണമായി പിൻവലിച്ചിട്ടില്ല. 1991-ൽ പോലും മെഹ്റൗളിയിലുള്ള അദ്ദേഹത്തിന്റെ ഫാം ഹൗസിൽ ഞങ്ങൾ എൻ.എസ്.ജി ഉൾപ്പെടെയുള്ള പുറത്തുനിന്നുള്ള സുരക്ഷ നൽകിയിരുന്നു. ഇപ്പോൾ രാഹുൽ ഗാന്ധി അതിനെ ‘സെക്യൂരിറ്റി ലാപ്സ്’ (സുരക്ഷാ വീഴ്ച) എന്നാണ് വിശേഷിപ്പിക്കുന്നത്” – മേജർ രവി പ്രതികരിച്ചു.

