ശബരിമല: മലകയറി ക്ഷീണിച്ചെത്തുന്ന അയ്യപ്പഭക്തർക്ക് പ്രകൃതിഭംഗി ആസ്വദിച്ച് വിശ്രമിക്കാനും പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഹരിതാഭമായ പശ്ചാത്തലത്തിൽ സെൽഫിയും ചിത്രങ്ങളും പകർത്താനുമായി അപ്പാച്ചിമേട്ടിൽ പുതിയ വിശ്രമകേന്ദ്രം സജ്ജമായി. ലോവർ അപ്പാച്ചിമേട്ടിലെ ഉണ്ട വഴിപാട് കേന്ദ്രത്തിന് സമീപമാണ് 7000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഈ തീർത്ഥാടക വിശ്രമകേന്ദ്രം നിർമ്മിച്ചിരിക്കുന്നത്.
മൂന്ന് തട്ടുകളിലായി സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രത്തിൽ ഒരേസമയം 1000 തീർത്ഥാടകർക്ക് വരെ വിശ്രമിക്കാൻ സൗകര്യമുണ്ട്. ടൈലുകൾ പാകി മനോഹരമാക്കിയ തറയിൽ തീർത്ഥാടകർക്ക് ഇരിക്കുന്നതിനായി സ്റ്റീൽ ബെഞ്ചുകളും ബിൽറ്റ്-ഇൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ കുടിവെള്ള കിയോസ്കും ശുചിമുറി സൗകര്യങ്ങളും ഇവിടെ സജ്ജമാണ്.
മുമ്പ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഈ പ്രദേശം 11 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നിലവിൽ അവസാനഘട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണെന്നും, നവീകരിച്ച വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ഡിസംബറിന് മുമ്പ് നടക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി.
- ഓസ്ട്രേലിയൻ വാർത്തകൾ പെട്ടന്ന് അറിയുവാൻ ഞങ്ങളുടെ വാട്സാപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകു
- https://chat.whatsapp.com/DQGBuc175EG2KUS7yyIxhF

