ബെയ്ജിങ്: ഇന്ത്യ–ചൈന അതിർത്തി മേഖലയിൽ സമാധാനവും ശാന്തിയും നിലനിർത്താനും അതിർത്തി തർക്കത്തിന് രാഷ്ട്രീയ പരിഹാരം കണ്ടെത്താനുള്ള ചർച്ചകൾ മുന്നോട്ടുകൊണ്ടുപോകാനും ഇരു രാജ്യങ്ങളും ധാരണയിലെത്തി. ഓഗസ്റ്റ് 25ന് ബെയ്ജിങ്ങിൽ നടന്ന 25-ാം റൗണ്ട് പ്രത്യേക പ്രതിനിധി ചർച്ചയിലാണ് എട്ട് വിഷയങ്ങളിൽ ധാരണയായത്. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യിയും ചർച്ചകൾക്ക് നേതൃത്വം നൽകി.
2005ലെ അതിർത്തി തർക്കപരിഹാരത്തിനുള്ള രാഷ്ട്രീയ മാനദണ്ഡങ്ങളും മാർഗനിർദേശങ്ങളും അടിസ്ഥാനമാക്കി അതിർത്തി പ്രശ്നത്തിന് നീതിപൂർവവും യുക്തിസഹവും ഇരുരാജ്യങ്ങൾക്കും സ്വീകാര്യവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ചർച്ചകൾ തുടരാൻ ധാരണയായി. അതിർത്തി നിർണയവുമായി ബന്ധപ്പെട്ട വിദഗ്ധ സംഘവും അതിർത്തി മാനേജ്മെന്റുമായി ബന്ധപ്പെട്ട പ്രവർത്തക സംഘവും ചർച്ചകൾ കൂടുതൽ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകും.
നിലവിലെ നിയന്ത്രണരേഖയായ എൽഎസിയിൽ (LAC) ഉണ്ടാകുന്ന സാഹചര്യങ്ങൾ നയതന്ത്ര, സൈനിക സംവിധാനങ്ങളിലൂടെ സമയബന്ധിതമായി കൈകാര്യം ചെയ്യാനും ധാരണയിലെത്തി. തെറ്റിദ്ധാരണകളും കണക്കുകൂട്ടലിലെ പിഴവുകളും ഒഴിവാക്കുന്നതിനായി വർക്കിങ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോ-ഓർഡിനേഷൻ (WMCC), പ്രാദേശിക കമാൻഡർതല ചർച്ചകൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിക്കും.
അതിർത്തി മാനേജ്മെന്റ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് അധിക സൈനിക കൂടിക്കാഴ്ചാ കേന്ദ്രങ്ങൾ സ്ഥാപിക്കാനും കിഴക്കൻ, മധ്യമേഖലകളിൽ രണ്ട് പുതിയ സൈനിക ഹോട്ട്ലൈൻ സംവിധാനങ്ങൾ ഏർപ്പെടുത്താനും ധാരണയായി. എൽഎസിയുടെ ചില മേഖലകളെക്കുറിച്ചുള്ള പരസ്പര ധാരണ മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.
അതിർത്തി വ്യാപാരം, തീർഥാടനം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താനും ധാരണയായി. മൂന്ന് നിർദിഷ്ട അതിർത്തി വ്യാപാര കേന്ദ്രങ്ങൾ വീണ്ടും തുറന്നതിനെ ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. കൈലാസ്–മാനസരോവർ തീർഥാടനത്തിനുള്ള ഇന്ത്യൻ സംഘങ്ങളുടെ എണ്ണം വർധിപ്പിക്കുന്ന ചൈനയുടെ നടപടിയെയും ഇന്ത്യ അഭിനന്ദിച്ചു. അതിർത്തി നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്ര വിവരങ്ങൾ പങ്കിടുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ സെപ്റ്റംബറിൽ വിദഗ്ധതല ചർച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ത്യ–ചൈന അതിർത്തി പ്രശ്നത്തിൽ പ്രത്യേക പ്രതിനിധികളുടെ 26-ാം റൗണ്ട് ചർച്ച 2027ൽ ഇന്ത്യയിൽ നടത്താനും ധാരണയായി. അതിർത്തി പ്രശ്നത്തിന് അന്തിമ പരിഹാരമായെന്നല്ല പുതിയ ധാരണയെ കാണുന്നത്; മറിച്ച് അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനും നിലവിലുള്ള തർക്കങ്ങൾ കൈകാര്യം ചെയ്യുന്നതിനും രാഷ്ട്രീയ പരിഹാരത്തിനായുള്ള ചർച്ചകൾ തുടരുന്നതിനുമുള്ള നടപടിയായാണ് വിലയിരുത്തുന്നത്.

