ബ്യൂണസ് ഐറിസ്: അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ബുർക്കിന ഫാസോയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്ത് അർജന്റീന. ശനിയാഴ്ച ബ്യൂണസ് ഐറിസിലെ എസ്റ്റാഡിയോ മോനുമെന്റലിൽ നടന്ന മത്സരത്തിൽ അർജന്റീന ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾ നേടി ആധിപത്യം ഉറപ്പിച്ചു.
നാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലൗതാരോ മാർട്ടിനസിന് ലക്ഷ്യത്തിലെത്തിക്കാനായില്ലെങ്കിലും റീബൗണ്ടിൽ പന്ത് വലയിലെത്തിച്ച് അർജന്റീനയ്ക്ക് ലീഡ് നൽകി. എട്ടാം മിനിറ്റിൽ ബുർക്കിന ഫാസോയുടെ മൗമൂനി ഡിയാലോയുടെ സെൽഫ് ഗോൾ അർജന്റീനയുടെ ലീഡ് ഉയർത്തി. 12-ാം മിനിറ്റിൽ ജിയാൻലൂക്ക പ്രെസ്റ്റിയാനിയും 35-ാം മിനിറ്റിൽ നിക്കോ പാസും 36-ാം മിനിറ്റിൽ ജൂലിയൻ അൽവാരസും ഗോൾ നേടി.
രണ്ടാം പകുതിയിൽ ഫ്രാങ്കോ മാസ്റ്റന്റുവോനോ 57-ാം മിനിറ്റിലും അധികസമയത്ത് ജിയുലിയാനോ സിമിയോണിയും ഗോൾ നേടി അർജന്റീനയുടെ വിജയം 7–0 ആക്കി. ഇതോടെ അന്താരാഷ്ട്ര ഇടവേളയിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും അർജന്റീന വലിയ ജയം സ്വന്തമാക്കി. നേരത്തെ ബൊളീവിയയെ 4–0ന് തോൽപ്പിച്ചിരുന്നു.

