ന്യൂഡൽഹി: റഷ്യയിൽനിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഇന്ത്യ പൂർണമായി നിർത്തില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യത്തിന്റെ ഊർജസുരക്ഷയും സാമ്പത്തിക താൽപര്യങ്ങളും മുൻനിർത്തിയാണ് എണ്ണ ഇറക്കുമതി സംബന്ധിച്ച തീരുമാനങ്ങളെടുക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്തിയാൽ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിക്കില്ലെന്നും ജയശങ്കർ നേരത്തെയും വ്യക്തമാക്കിയിരുന്നു. യുദ്ധത്തിന് പരിഹാരം കാണാൻ സമ്മർദവും ഉപരോധവും മാത്രം മതിയാകില്ലെന്നും സംഭാഷണവും നയതന്ത്ര ഇടപെടലുമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
റഷ്യൻ എണ്ണ ഇന്ത്യയുടെ ഊർജ മിശ്രിതത്തിൽ തുടരുമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലും ജയശങ്കർ വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, റഷ്യൻ എണ്ണയുടെ ലഭ്യതയിലും വിലയിലും ആഗോളതലത്തിൽ മാറ്റങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളിൽനിന്നുള്ള ക്രൂഡ് ഇറക്കുമതിയും വർധിപ്പിക്കുന്നുണ്ട്. സെപ്റ്റംബറിൽ റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയെങ്കിലും റഷ്യ ഇപ്പോഴും ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരാണ്.

