നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം നവംബർ 3ന് വിചാരണ

തിരുവനന്തപുരം: ഏറെ വിവാദമായ നിയമസഭാ കയ്യാങ്കളി കേസിൽ 11 വർഷത്തിന് ശേഷം വിചാരണ നടപടികൾ ആരംഭിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നവംബർ 3നാണ് വിചാരണ തുടങ്ങുന്നത്. കേസിലെ ഒന്നാം സാക്ഷിയും മുൻ നിയമസഭാ സെക്രട്ടറിയുമായ പി.ഡി. ശാരംഗധരനെ ആദ്യദിനം കോടതി വിസ്തരിക്കും.

2015 മാർച്ച് 13നാണ് കേസിനാസ്പദമായ സംഭവം. അന്നത്തെ ധനമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയുന്നതിനിടെയാണ് നിയമസഭയ്ക്കുള്ളിൽ സംഘർഷമുണ്ടായത്. സ്പീക്കറുടെ വേദിയിലേക്ക് കയറിയ പ്രതിഷേധക്കാർ കസേര, കമ്പ്യൂട്ടർ, മൈക്ക്, ഇലക്ട്രോണിക് പാനൽ തുടങ്ങിയ ഉപകരണങ്ങൾ തകർത്തതായാണ് കേസ്. 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പൊലീസ് കേസ്.

മുൻ എംഎൽഎമാരായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. സംഭവസമയത്ത് കോൺഗ്രസ് എംഎൽഎമാർ തങ്ങളെ കൈയേറ്റം ചെയ്തെന്നാരോപിച്ച് എൽഡിഎഫ് വനിതാ എംഎൽഎമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും അന്വേഷണം നടന്നിരുന്നു.

കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ വിചാരണക്കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും ഹർജികൾ അംഗീകരിച്ചില്ല. തുടർന്ന് സുപ്രീം കോടതിയിലും സർക്കാർ നൽകിയ അപ്പീൽ തള്ളുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ തുടർ അന്വേഷണത്തിൽ പുതിയ വിവരങ്ങൾ ലഭിക്കാത്തതിനാൽ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിചാരണ തുടരുക.

Leave a Reply

Your email address will not be published. Required fields are marked *