ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണവാസികളെ ഏകദേശം 60 വർഷത്തോളമായി ഉണർത്തുകയും ഉറക്കുകയും ചെയ്തുകൊണ്ടിരുന്ന നഗരസഭയുടെ സൈറൺ ശബ്ദം നിലച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയാണ് നഗരത്തെ മുഖരിതമാക്കി സൈറൺ അവസാനമായി മുഴങ്ങിയത്. മുൻകാലങ്ങളിൽ വർക്കല, ചിറയിൻകീഴ്, കിളിമാനൂർ തുടങ്ങിയ വിദൂര പ്രദേശങ്ങളിൽ വരെ ഈ സൈറൺ ശബ്ദം വ്യക്തമായി കേൾക്കാമായിരുന്നു.
അമ്മ കുഞ്ഞിനെ എന്നപോലെ പട്ടണവാസികളുടെ നിത്യജീവിതവുമായി അത്രമേൽ ഇഴചേർന്നുനിന്ന ഒന്നായിരുന്നു ഈ സൈറൺ മുഴക്കം. കൃത്യം രാവിലെ അഞ്ചുമണിക്കും എട്ടുമണിക്കും, ഉച്ചയ്ക്ക് ഒരുമണിക്കും, വൈകുന്നേരം അഞ്ചുമണിക്കും, രാത്രി ഒൻപതുമണിക്കും മുടങ്ങാതെ ഈ ശബ്ദം പട്ടണത്തിൽ മുഴങ്ങിക്കേട്ടിരുന്നു. എന്നാൽ ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന്, നഗരസഭയിൽ ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലാണ് പട്ടണവാസികളുടെ വികാരവും ഏറെ പ്രിയപ്പെട്ടതുമായ ഈ സൈറൺ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനമെടുത്തത്.

