അഡ്‌ലെയ്ഡ്: ഭാരതീയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷൻ (ഭീമ എസ്.എ) സംഘടിപ്പിക്കുന്ന 2026-ലെ വിപുലമായ ഓണാഘോഷം (Happy Onam 26) ഓഗസ്റ്റ് 29 ശനിയാഴ്ച സൗത്ത് ഓസ്‌ട്രേലിയയിലെ ഡഡ്‌ലി പാർക്കിലുള്ള സ്ലൊവേനിയൻ ക്ലബ്ബിൽ (Slovenian Club, Dudley Park, SA) വെച്ച് നടക്കും. സൗത്ത് ഓസ്‌ട്രേലിയൻ സർക്കാരിന്റെ പ്രീമിയർ ആൻഡ് കാബിനറ്റ് വകുപ്പിന്റെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഐഡിയൽ ലോൺസ് ആൻഡ് ഫ്യൂച്ചറ കെയർ (Ideal Loans & Futura Care) സാരഥി ബിന്ദു ശിവരാമനാണ് ആഘോഷങ്ങളുടെ ടൈറ്റിൽ സ്പോൺസർ.
രാവിലെ 11:30 മുതൽ ഉച്ചയ്ക്ക് 2:30 വരെ വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയോടെ ആഘോഷങ്ങൾക്ക് തുടക്കമാകും. തുടർന്ന് വൈകുന്നേരം 4:00 മുതൽ 5:00 വരെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളും, വൈകുന്നേരം 5:00 മുതൽ 7:00 വരെ മെഗാ തിരുവാതിര, വടംവലി (Tug of war) ഉൾപ്പെടെയുള്ള വൈവിധ്യമാർന്ന കലാകായിക പരിപാടികളും അരങ്ങേറും.
മന്ത്രി കാട്രിൻ ഹിൽഡ്‌യാർഡ് എം.പി (Minister for Human Services, Seniors and Ageing Well, Women), സൗത്ത് ഓസ്‌ട്രേലിയൻ മൾട്ടി കൾച്ചറൽ കമ്മീഷൻ ചെയർ ലൂയിസ ഗ്രെക്കോ, മെഗൻ സ്പെൻസർ എം.പി, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം റസ്സൽ വോർട്ട്‌ലി, ആഭ്യന്തര വകുപ്പ് കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ടീം പ്രതിനിധി പൂജ മേനോൻ, ഹിന്ദു ഇക്കണോമിക് ഫോറം ചെയർമാനും മൾട്ടി കൾച്ചറൽ കമ്മീഷൻ അംഗവുമായ രാജേന്ദ്ര പാണ്ഡെ, സിറ്റി ഓഫ് വെസ്റ്റ് ടോറൻസ് കൗൺസിലർ സുരേന്ദർ പാൽ തുടങ്ങിയ പ്രമുഖ വിശിഷ്ടാതിഥികൾ പരിപാടിയിൽ പങ്കെടുക്കും.
ഭീമ എസ്.എ ചെയർപേഴ്‌സൺ കൃഷ്ണ പ്രസാദ്, സെക്രട്ടറി മനുലാഷ് ദാസ്, ട്രഷറർ ഗിരീഷ് കുമാർ ഉണ്ണികൃഷ്ണൻ, മീഡിയ ഓഫീസർ രതീഷ് ശശി, പ്രോഗ്രാം കോർഡിനേറ്ററും കമ്മിറ്റി അംഗവുമായ ദീപ രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ അജിത് മുരളി മേനോൻ, ദേവിക ശ്രീകല എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് 0411 058 205 (കൃഷ്ണ പ്രസാദ്), 0484 661 234 (മനുലാഷ് ദാസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.