മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന് പരാതി; അശ്വന്ത് കോക്കിനെതിരെ കേസ്

കോഴിക്കോട്: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന പരാതിയിൽ യൂട്യൂബർ അശ്വന്ത് കോക്കിനെതിരെ നടക്കാവ് പൊലീസ് കേസെടുത്തു. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ വാഹനമോടിച്ചതിനും മദ്യപിച്ച് വാഹനമോടിച്ചതിനുമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അശ്വന്ത് കോക്കിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

തിങ്കളാഴ്ച വൈകിട്ട് ഏഴോടെ എരഞ്ഞിപ്പാലത്താണ് സംഭവം. അശ്വന്ത് കോക്ക് ഓടിച്ച മഹീന്ദ്ര ഥാർ കോട്ടാരം റോഡിൽ നിർത്തിയിട്ടിരുന്ന കാറിൽ ഇടിച്ചതായാണ് പരാതി. തുടർന്ന് ഭിന്നശേഷിക്കാരൻ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിലും വാഹനം ഇടിച്ചതായി പരാതിക്കാർ ആരോപിച്ചു. കാർ, ഇരുചക്രവാഹന യാത്രക്കാർ എന്നിവരാണ് പൊലീസിൽ പരാതി നൽകിയത്.

അശ്വന്ത് കോക്ക് മദ്യലഹരിയിലായിരുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. വാഹനത്തിൽനിന്ന് രണ്ട് കുപ്പി മദ്യം കണ്ടെത്തിയതായും പൊലീസ് വാഹനം കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. അപകടത്തെ തുടർന്ന് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ അശ്വന്തിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *