ന്യൂഡൽഹി: ഓഗസ്റ്റ് 1 മുതൽ നവംബർ 30 വരെ രാജ്യത്തുടനീളമുള്ള പഞ്ചസാര വ്യാപാരികൾക്ക് സംഭരണ പരിധി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പൂഴ്ത്തിവയ്പ്പും കൃത്രിമ വിലക്കയറ്റവും തടയുക, വിപണിയിൽ ന്യായവിലയും പഞ്ചസാരയുടെ സുഗമമായ ലഭ്യതയും ഉറപ്പാക്കുക എന്നിവയാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉപഭോക്തൃകാര്യ, ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം അറിയിച്ചു.
തീരുമാനപ്രകാരം വ്യാപാരികൾക്ക് പരമാവധി 4,000 ക്വിന്റൽ (400 ടൺ) പഞ്ചസാര മാത്രമേ ഒരു സമയം കൈവശം വയ്ക്കാൻ അനുവാദമുള്ളൂ. കൂടാതെ, ലഭിച്ച സ്റ്റോക്ക് 30 ദിവസത്തിൽ കൂടുതൽ കൈവശം വയ്ക്കാനും പാടില്ല. എല്ലാ വ്യാപാരികളും തങ്ങളുടെ കൈവശമുള്ള പഞ്ചസാരയുടെ വിവരങ്ങൾ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ ആഴ്ചതോറും രേഖപ്പെടുത്തേണ്ടതുണ്ട്.
വിപണിയിൽ ആവശ്യത്തിന് പഞ്ചസാര ലഭ്യമാണെങ്കിലും ചില ഇടനിലക്കാരും വ്യാപാരികളും നടത്തുന്ന കൃത്രിമ ക്ഷാമവും പൂഴ്ത്തിവയ്പ്പുമാണ് വില വർധനവിന് കാരണമെന്ന് മന്ത്രാലയം വ്യക്തമാക്കി. വരും മാസങ്ങളിലെ ഉത്സവ സീസൺ മുന്നിൽ കണ്ടാണ് ഉപഭോക്താക്കൾക്ക് തിരിച്ചടിയാകാത്ത രീതിയിൽ കേന്ദ്രത്തിന്റെ ഈ ഇടപെടൽ.

