വെല്ലിംഗ്ടൺ: ന്യൂസിലാൻഡിലെ 35 ലക്ഷത്തോളം വരുന്ന ലൈറ്റ് വാഹനങ്ങളെ പെട്രോൾ ടാക്സിന് പകരം ഡിജിറ്റൽ ‘റോഡ് യൂസർ ചാർജ്’ (RUC) സംവിധാനത്തിലേക്ക് മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം പൂർത്തിയാകുന്നതോടെ പെട്രോൾ വിലയിൽ കുറവുണ്ടാകുമെന്ന് ഗതാഗത മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഗതാഗത മന്ത്രി ക്രിസ് ബിഷപ്പിന് നൽകിയ ഔദ്യോഗിക രേഖകളിലാണ് (OIA) ഈ കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
നിലവിൽ ലിറ്ററിന് 70 സെൻ്റ് നിരക്കിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഈടാക്കുന്ന ടാക്സിന് പകരം, വാഹനം ഓടിക്കുന്ന ദൂരത്തിനനുസരിച്ച് നികുതി ഈടാക്കുന്ന ആധുനിക സംവിധാനമാണ് നടപ്പിലാക്കുന്നത്. റോഡ് നിർമ്മാണത്തിനുള്ള തുക കൂടുതൽ കൃത്യമായും തുല്യമായും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിഷ്കാരം.
പുതിയ മാറ്റം പെട്രോളിന്റെ റീട്ടെയിൽ വിലയിൽ ആശ്വാസമാകുമെങ്കിലും, ഇന്ധനക്ഷമത കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കുന്നവരും കൂടുതൽ ദൂരം സഞ്ചരിക്കുന്ന വാഹന ഉടമകളും മുൻപത്തേക്കാൾ കൂടുതൽ റോഡ് നികുതി അടയ്ക്കേണ്ടി വന്നേക്കാം. നിലവിൽ ഡിജിറ്റൽ RUC സംവിധാനത്തിനായുള്ള നിയമ നിർമ്മാണ നടപടികൾ പുരോഗമിക്കുകയാണെന്നും, 2027-ഓടെ ഈ സംവിധാനം പൂർണ്ണ സജ്ജമാകുമെന്നും പുതുതായി രൂപീകരിച്ച MCERT ഏജൻസി വ്യക്തമാക്കി

