കാൻബറ: ഓസ്‌ട്രേലിയയിൽ സൂപ്പർആനുവേഷൻ മേഖലയിൽ വൻ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് ഫെഡറൽ സർക്കാർ. ഷീൽഡ് മാസ്റ്റർ ഫണ്ട് (Shield Master Fund), ഫസ്റ്റ് ഗാർഡിയൻ മാസ്റ്റർ ഫണ്ട് (First Guardian Master Fund) എന്നിവയുടെ തകർച്ചയെ തുടർന്ന് ഏതാണ്ട് 12,000-ത്തോളം ആളുകൾക്ക് ഒരു ബില്യൺ ഡോളറിലധികം റിട്ടയർമെന്റ് സമ്പാദ്യം നഷ്ടമായ പശ്ചാത്തലത്തിലാണ് നിക്ഷേപകരുടെ പണം സംരക്ഷിക്കുന്നതിനായി കർശനമായ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
സെൽഫ് മാനേജ്‌ഡ് സൂപ്പർആനുവേഷൻ ഫണ്ട് (SMSF) രംഗത്താണ് നിർണായക മാറ്റങ്ങൾ നടപ്പിലാക്കുന്നത്. തട്ടിപ്പുകളും സാമ്പത്തിക ദുരുപയോഗങ്ങളും തടയുന്നതിന്റെ ഭാഗമായി പുതിയ ഫണ്ടുകളിലേക്കുള്ള ഫണ്ട് മാറ്റങ്ങൾ (Rollovers) തടയാൻ ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസിന് (ATO) ഇനിമുതൽ നേരിട്ട് അധികാരം ലഭിക്കും. ഇതിനുപുറമെ, 2013-ന് ശേഷം ആദ്യമായി എസ്എംഎസ്എഫ് സൂപ്പർവൈസറി ലെവി $259-ൽ നിന്ന് $295 ആയി വർദ്ധിപ്പിച്ചതായും നിക്ഷേപകർക്ക് പ്രത്യേക ബാങ്ക് അക്കൗണ്ടുകൾ നിർബന്ധമാക്കുമെന്നും അസിസ്റ്റന്റ് ട്രഷററും ഫിനാൻഷ്യൽ സർവീസസ് മന്ത്രിയുമായ ഡോ. ഡാനിയൽ മുലിനോ വ്യക്തമാക്കി.
സൂപ്പർ ആനുവേഷനുമായി ബന്ധപ്പെട്ട് ലൈസൻസില്ലാത്ത വ്യക്തികൾ നടത്തുന്ന തത്സമയ സാമ്പത്തിക ഉപദേശങ്ങൾക്കും ഫോൺ വിളികൾക്കും (Cold-calling) പൂർണ്ണ നിരോധനം ഏർപ്പെടുത്തും. ഉപഭോക്താക്കളുടെ വ്യക്തമായ സമ്മതമില്ലാതെ സോഷ്യൽ മീഡിയ വഴിയും ഓൺലൈൻ വഴിയും നടത്തുന്ന ലീഡ് ജനറേഷൻ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണങ്ങളുണ്ടാകും.
അംഗീകൃതമല്ലാത്ത നിക്ഷേപ തട്ടിപ്പുകളിലൂടെ പണം നഷ്ടപ്പെടുന്നവർക്ക് സഹായമാകുന്ന കോമ്പൻസേഷൻ സ്കീം ഓഫ് ലാസ്റ്റ് റിസോർട്ടിന്റെ (CSLR) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും തീരുമാനമായി. 2027 ജൂൺ 30-ന് ശേഷം സമർപ്പിക്കുന്ന അപേക്ഷകളിൽ യഥാർത്ഥ നിക്ഷേപ നഷ്ടം മാത്രമേ സിഎസ്എൽആർ വഴി പരിഗണിക്കൂ. ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്ന ട്രസ്റ്റികൾക്കുള്ള ശിക്ഷാനടപടികളും പിഴകളും കുത്തനെ ഉയർത്താനും പുതിയ പരിഷ്കാരങ്ങളിലൂടെ ലക്ഷ്യമിടുന്നു

