ക്രിസ്മസ് ദ്വീപ്: പരീക്ഷണ വിക്ഷേപണത്തിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ച സ്‌പേസ് എക്സിന്റെ (SpaceX) 52 മീറ്റർ നീളമുള്ള ഭീമൻ സ്റ്റാർഷിപ്പ് റോക്കറ്റ് 24 ദിവസത്തെ സങ്കീർണ്ണമായ ദൗത്യത്തിനൊടുവിൽ വിജയകരമായി വീണ്ടെടുത്തു. ഓസ്‌ട്രേലിയൻ ഭരണപ്രദേശമായ ക്രിസ്മസ് ദ്വീപിന് സമീപത്തെ തീരത്തേക്കാണ് റോക്കറ്റ് കെട്ടിവലിച്ച് എത്തിച്ചത്.
കഴിഞ്ഞ മാസം സമുദ്രത്തിൽ നിയന്ത്രിതമായി ഇറക്കിയ റോക്കറ്റ്, ദിവസങ്ങളോളം നീണ്ടുനിന്ന ശക്തമായ കടൽക്ഷോഭവും പ്രതികൂല കാലാവസ്ഥയും കാരണമാണ് വീണ്ടെടുക്കാൻ വൈകിയത്. കടൽക്ഷോഭത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെങ്കിലും ഒടുവിൽ സുരക്ഷിതമായി ദ്വീപിനടുത്ത ശാന്തമായ സമുദ്രതീരത്തേക്ക് എത്തിക്കാൻ സ്‌പേസ് എക്സ് റിക്കവറി ടീമിന് കഴിഞ്ഞു.
ബഹിരാകാശത്ത് നിന്ന് സമുദ്രത്തിൽ പതിച്ച ശേഷം കേടുപാടുകൾ കൂടാതെ വീണ്ടെടുക്കുന്ന ആദ്യ സ്റ്റാർഷിപ്പ് റോക്കറ്റാണിത്. തുടർനടപടികളുടെ ഭാഗമായി സ്‌പേസ് എക്സ് എൻജിനീയർമാരുടെ പ്രത്യേക സംഘം ക്രിസ്മസ് ദ്വീപിലെത്തി റോക്കറ്റിൽ വിശദമായ സാങ്കേതിക പരിശോധനകൾ നടത്തും. പരിശോധനകൾ പൂർത്തിയായ ശേഷം ടെക്സസിലെ സ്റ്റാർബേസ് വിക്ഷേപണ കേന്ദ്രത്തിലേക്ക് ഇത് കൊണ്ടുപോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

