തിരുവനന്തപുരം: സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിയുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ ഉന്നയിക്കുന്ന ആരോപണങ്ങൾ പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പദ്ധതി നേരിട്ടിരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനായി സർക്കാർ നിർണായകമായ സാമ്പത്തിക ഇടപെടലുകളാണ് നടത്തിവരുന്നത്.
മുൻ സർക്കാരിന്റെ കാലയളവിൽ 2025 ഡിസംബർ മുതൽ 2026 ജൂൺ വരെയുള്ള ഘട്ടത്തിൽ നെയ്ത്തുകൂലി, നൂൽ വില, ഡൈയിംഗ്, ട്രാൻസ്പോർട്ടേഷൻ ഇനങ്ങളിലായി ആകെ 43.50 കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുണ്ടായിരുന്നത്. ഈ പ്രതിസന്ധി പരിഹരിക്കാനും കൈത്തറി തൊഴിലാളികൾക്ക് ആശ്വാസമേകാനുമായി ഓണത്തോടനുബന്ധിച്ച് 2026 ഓഗസ്റ്റ് 14-ലെ ഉത്തരവ് പ്രകാരം 30 കോടി രൂപയുടെ അടിയന്തര ധനസഹായം സർക്കാർ റിലീസ് ചെയ്തു.
ഇതിനു പുറമെ, 2026-27 നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി പ്രവർത്തനങ്ങൾക്കായി ആദ്യ ഗഡുവായി 9.20 കോടി രൂപയും, 2025-26 വർഷത്തെ ഡൈയിംഗ് ചാർജ് കുടിശ്ശിക ഇനത്തിൽ 2.00 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതോടെ, അടിയന്തര സഹായം ഉൾപ്പെടെ ആകെ 41.20 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ റിലീസ് ചെയ്തിട്ടുള്ളത്. നടപ്പു വർഷത്തെ പദ്ധതി നടത്തിപ്പിനായി ബജറ്റ് വിഹിതമായി ആകെ 56 കോടി രൂപയുടെ ഭരണാനുമതി യു.ഡി.എഫ്. സർക്കാർ നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

