ഭുവനേശ്വർ: കനത്ത മഴയെ തുടർന്ന് ഒഡീഷയിലെ നദികളിൽ ജലനിരപ്പ് ഉയർന്നതോടെ വിവിധ ജില്ലകളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമായി. താഴ്ന്ന പ്രദേശങ്ങളിൽനിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങിയതായി അധികൃതർ അറിയിച്ചു. ബലാസോർ, ഭദ്രക്, ജാജ്പുർ, കാലഹണ്ഡി, കോരാപുട്ട്, നബരംഗ്പുർ, മാൽക്കൻഗിരി, കിയോഞ്ജ്ഹർ, ജഗത്സിംഗ്പുർ ജില്ലകളിലാണ് മിന്നൽപ്രളയം റിപ്പോർട്ട് ചെയ്തത്.
മഹാനദിയുടെ വൃഷ്ടിപ്രദേശത്ത്, പ്രത്യേകിച്ച് ഛത്തീസ്ഗഢിൽ, മഴ തുടരുന്നതിനാൽ ഹിരാകുഡ് അണക്കെട്ടിൽനിന്ന് അധികജലം പുറത്തുവിടുന്നതിനായി 16 ഷട്ടറുകൾ തുറന്നു. ശനിയാഴ്ച 11 ഷട്ടറുകൾ കൂടി തുറന്നതോടെയാണ് ആകെ 16 ആയത്. അണക്കെട്ടിലെ ജലനിരപ്പ് 629.56 അടിയാണ്.
ബലാസോർ ജില്ലയിലാണ് സ്ഥിതി കൂടുതൽ രൂക്ഷമായത്. 91 ഗ്രാമങ്ങളിലായി 14,660 പേരെ വെള്ളപ്പൊക്കം ബാധിച്ചതായും 3,268 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു. ബസ്തയിലെ മതാനിയിൽ ജലക നദിയിലെ ജലനിരപ്പ് 6.78 മീറ്ററായി ഉയർന്നു; ഇവിടെ അപകടനില 6.5 മീറ്ററാണ്. സുബർണരേഖ നദിയും അപകടനിലയ്ക്ക് തൊട്ടടുത്താണ് ഒഴുകുന്നത്.
ബലാസോറിലെ ഗോവിന്ദ്പുരിൽ ബുധബലങ്ക നദി 8.13 മീറ്റർ അപകടനില പിന്നിട്ട് 8.64 മീറ്ററിലെത്തി. കൻസബൻസ, സോയ, ഗംഗഹർ നദികളും കരകവിഞ്ഞൊഴുകുകയാണ്. ജാജ്പുർ ജില്ലയിൽ കാനി നദി കരകവിഞ്ഞതിനെ തുടർന്ന് ദശരഥ്പുർ ബ്ലോക്കിലെ തരാപദ, കപാസി പഞ്ചായത്തുകളിൽ വെള്ളം കയറി.
കാലഹണ്ഡി ജില്ലയിലെ ഹട്ടി നദിയിലെ ഇന്ദ്രാവതി പദ്ധതിയുടെ അഞ്ച് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇവിടെനിന്ന് സെക്കൻഡിൽ 550 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

