മെലനോമ ചികിത്സയിൽ പ്രതീക്ഷ; വ്യക്തിഗത എംആർഎൻഎ വാക്സിൻ പരീക്ഷണം വിജയകരം

ഷിക്കാഗോ: മെലനോമ ചർമ്മാർബുദത്തിനെതിരെ മോഡേണയും മെർകും ചേർന്ന് വികസിപ്പിച്ച വ്യക്തിഗത എംആർഎൻഎ കാൻസർ വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം വിജയകരമായി പൂർത്തിയായി. ശസ്ത്രക്രിയയ്ക്കുശേഷം കാൻസർ വീണ്ടും വരുന്നതിന്റെയും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നതിന്റെയും സാധ്യത കുറയ്ക്കാൻ വാക്സിന് കഴിയുമെന്ന് പരീക്ഷണഫലങ്ങൾ സൂചിപ്പിക്കുന്നു.

1,137 മെലനോമ രോഗികളിൽ നടത്തിയ പരീക്ഷണത്തിൽ വാക്സിൻ മെർകിന്റെ ‘കീട്രൂഡ’ എന്ന ഇമ്മ്യൂണോതെറാപ്പി മരുന്നിനൊപ്പം നൽകിയപ്പോഴാണ് മികച്ച ഫലം കണ്ടെത്തിയത്. കീട്രൂഡ മാത്രം നൽകിയ ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ കാൻസർ വീണ്ടും വരാനുള്ള സാധ്യത 49 മുതൽ 60 ശതമാനം വരെ കുറഞ്ഞു. കാൻസർ മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയും 59 ശതമാനം കുറഞ്ഞതായി കണ്ടെത്തി.

ഓരോ രോഗിയുടെയും ട്യൂമറിലുള്ള പ്രത്യേക ജനിതക വ്യതിയാനങ്ങൾ വിശകലനം ചെയ്ത് അതനുസരിച്ചാണ് വാക്സിൻ രൂപകൽപ്പന ചെയ്യുന്നത്. രോഗിയുടെ പ്രതിരോധ സംവിധാനത്തെ കാൻസർ കോശങ്ങളെ തിരിച്ചറിഞ്ഞ് ആക്രമിക്കാൻ പ്രേരിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

മെലനോമയ്ക്ക് പുറമെ ശ്വാസകോശം, മൂത്രാശയം, വൃക്ക, സ്തനം, പാൻക്രിയാസ്, ആമാശയം, വൻകുടൽ തുടങ്ങിയവയെ ബാധിക്കുന്ന കാൻസറുകൾക്കെതിരെയും എംആർഎൻഎ വാക്സിനുകൾ വികസിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. പരീക്ഷണത്തിൽ സാധാരണ വാക്സിനുകളിലുണ്ടാകുന്ന നേരിയ പാർശ്വഫലങ്ങൾക്കപ്പുറം ഗുരുതരമായ പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

നിയന്ത്രണ ഏജൻസികളുടെ അനുമതി ലഭിച്ചാൽ 2027ഓടെ മെലനോമ രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനാകുമെന്നാണ് മോഡേണയുടെ പ്രസിഡന്റ് സ്റ്റീഫൻ ഹോജ് വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *