ബീച്ച്മിയറിൽ അനധികൃത വലവീശൽ: ഗാറ്റൺ സ്വദേശികളായ രണ്ട് പേർ പിടിയിൽ; 14,000 ഡോളറിലേറെ പിഴ

ബ്രിസ്ബേൻ: ക്വീൻസ്‌ലൻഡിലെ ബീച്ച്മിയറിന് സമീപം അനധികൃതമായി വലവിരിച്ച് മീൻപിടുത്തം നടത്തിയ ഗാറ്റൺ സ്വദേശികളായ രണ്ട് പേരെ ഫിഷറീസ് ഉദ്യോഗസ്ഥർ പിടികൂടി. പ്രദേശവാസികൾ ഫിഷ് വാച്ച് (Fishwatch) ഹോട്ട്‌ലൈൻ വഴി നൽകിയ കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫിഷറീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

പരിശോധനയിൽ 58 മീറ്റർ വരെ നീളമുള്ള മൂന്ന് വാണിജ്യ മോണോഫിലമെന്റ് ഗിൽ നെറ്റുകളും (monofilament gill nets) വലിയ തോതിൽ പിടികൂടിയ മത്സ്യങ്ങളും ഞണ്ടുകളും കണ്ടെടുത്തു. നിരോധിത പെൺഞണ്ടുകളെയും നിശ്ചിത വലുപ്പമില്ലാത്ത ചെറിയ ഞണ്ടുകളെയും കൈവശം വെച്ചതായും, ഡസ്കി ഫ്ലാറ്റ്ഹെഡ് (Dusky flathead) മത്സ്യങ്ങളുടെ അനുവദനീയമായ പരിധി ലംഘിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

നിയമലംഘനം നടത്തിയ ഇരുവർക്കും 7,008 ഡോളർ വീതം ആകെ 14,016 ഡോളറിന്റെ പിഴ നോട്ടീസ് ഫിഷറീസ് അധികൃതർ നൽകി. അനധികൃത വലവീശൽ മത്സ്യസമ്പത്തിനെ സാരമായി ബാധിക്കുകയും ജലാശയങ്ങൾക്ക് നാശമുണ്ടാക്കുകയും നിയമം പാലിച്ച് ജീവിക്കുന്നവരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്ന ഒന്നാണെന്ന് ഫിഷറീസ് ക്വീൻസ്‌ലാൻഡ് വ്യക്തമാക്കി. കൃത്യസമയത്ത് വിവരം നൽകി സഹായിച്ച പൊതുജനങ്ങൾക്ക് അധികൃതർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *