മുഖ്യമന്ത്രിയുടെ പേരും ചിത്രവും തെറ്റായി ഉപയോഗിച്ച സംഭവം; രണ്ട് പി ആർ ഡി ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പേരും ചിത്രവും തെറ്റായി ഉൾപ്പെടുത്തിയ പോസ്റ്ററും വാർത്താക്കുറിപ്പും പുറത്തുവന്ന സംഭവത്തിൽ രണ്ട് പബ്ലിക് റിലേഷൻസ് വകുപ്പ് (PRD) ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം.

വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് മുഖ്യമന്ത്രിയുടെ ചിത്രം മാറിപ്പോയത്. സെക്രട്ടേറിയറ്റിലെ PRD ഡയറക്ടറേറ്റിലെ റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർ, വെബ് ആൻഡ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി എന്നിവർക്കെതിരെയാണ് നടപടി.

പ്രതീഷ് ഡി. മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായും സാബു പി.ആറിനെ കൊല്ലം ജില്ലയിലേക്കുമാണ് മാറ്റിയത്. മുൻ സർക്കാരിന്റെ കാലത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെട്ട പോസ്റ്റർ സാബു വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചതായാണ് റിപ്പോർട്ട്.

അതേസമയം, സ്വാതന്ത്ര്യദിന പരിപാടിയുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിൽ നിലവിലെ മുഖ്യമന്ത്രിയുടെ പേര് തെറ്റായി ‘പിണറായി വിജയൻ’ എന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് പ്രതീഷ് ഡി. മണിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിഴിഞ്ഞം പരിപാടിയുടെ പ്രചാരണ സാമഗ്രികളിലും ഔദ്യോഗിക വാർത്താക്കുറിപ്പിലും സംഭവിച്ച പിഴവുകളാണ് നടപടിക്ക് കാരണമായത്.

Leave a Reply

Your email address will not be published. Required fields are marked *