ജിദ്ദ: 2027-ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള സുപ്രധാന ഉഭയകക്ഷി കരാറിൽ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. കരാർ പ്രകാരം ഇത്തവണ 1,75,025 ഇന്ത്യൻ തീർഥാടകർക്കാണ് വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിക്കാൻ സൗദിയിലേക്ക് പോകാൻ അവസരം ലഭിക്കുക. സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും സൗദി ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് ബിൻ ഫൗസാൻ അൽ റാബിയയും തമ്മിൽ ജിദ്ദയിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കരാർ ഒപ്പുവെച്ചത്.
കരാർ ഒപ്പിടലിന് മുന്നോടിയായി ഇരുനേതാക്കളും ഹജ്ജ് ഒരുക്കങ്ങളും ക്രമീകരണങ്ങളും വിശദമായി വിലയിരുത്തി. ഇന്ത്യയിൽ നിന്നെത്തുന്ന തീർഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സുരക്ഷിതവും സുഗമവുമായ തീർത്ഥാടന അനുഭവവും ഉറപ്പാക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. ഓരോ രാജ്യങ്ങളിൽ നിന്നുമുള്ള തീർഥാടകരുടെ വാർഷിക ക്വോട്ട സൗദി സർക്കാരാണ് നിശ്ചയിക്കുന്നത്. ലക്ഷക്കണക്കിന് ഇന്ത്യൻ തീർഥാടകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും പകരുന്നതാണ് സമയബന്ധിതമായി പൂർത്തിയായ ഈ കരാർ.

