നാഗോയ: ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുജീത് കൽക്കലിന് തകർപ്പൻ സ്വർണനേട്ടം. ആവേശം അവസാന സെക്കൻഡ് വരെ നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ താജിക്കിസ്ഥാന്റെ അബ്ദുൾമജിദ് കുദിയേവിനെ അവിശ്വസനീയമായ തിരിച്ചുവരവിലൂടെ തോൽപ്പിച്ചാണ് സുജീത് രാജ്യത്തിന്റെ അഭിമാനമായത്. തോൽവിയുടെ വക്കിൽ നിന്ന് പൊരുതിക്കയറിയ ഇന്ത്യൻ താരം 10-9 എന്ന പോയിന്റ് നിലയിലാണ് ആവേശവിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും 2-9 എന്ന നിലയിൽ ബഹുദൂരം പിന്നിലായിരുന്ന സുജീത്, അവസാന മിനിറ്റുകളിൽ എതിരാളിയെ ഞെട്ടിച്ചുകൊണ്ട് അതിശക്തമായ ആക്രമണമാണ് അഴിച്ചുവിട്ടത്. പോയിന്റ് വ്യത്യാസം വകവയ്ക്കാതെ പതറാതെ പൊരുതിയ താരം എതിരാളിയെ തുടർച്ചയായി നിലംപരിശാക്കി നിർണായക പോയിന്റുകൾ പിടിച്ചെടുത്തു. അവസാന നിമിഷങ്ങളിൽ താജിക് താരത്തിന്റെ പ്രതിരോധം തകർത്തുകൊണ്ട് സുജീത് നേടിയ പോയിന്റുകൾ ഇന്ത്യയ്ക്ക് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.
സെമിഫൈനലിൽ പാരിസ് ഒളിമ്പിക്സ് ചാമ്പ്യനായ ജപ്പാന്റെ കരുത്തൻ താരം കൊട്ടാരോ കിയോക്കയെ അട്ടിമറിച്ചാണ് സുജീത് ഫൈനലിൽ പ്രവേശിച്ചത്. നേരത്തെ അഫ്ഗാനിസ്ഥാന്റെ സയ്യിദ് ഒമർ, ഇറാന്റെ അബ്ബാസ് ഇബ്രാഹിം സാദെ എന്നിവരെയും പരാജയപ്പെടുത്തിയാണ് താരം മുന്നേറിയത്. ഈ ഗെയിംസിൽ ഗുസ്തി വിഭാഗത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്. സുജീതിന്റെ സുവർണ്ണ നേട്ടത്തോടെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ മെച്ചപ്പെട്ടു.

