ഇറാൻ വധഭീഷണി; ട്രംപിന്റെ രഹസ്യ വിമാനമാറ്റത്തിന് പിന്നിൽ സുരക്ഷാ ആശങ്ക

വാഷിങ്ടൺ: ഇറാനിൽനിന്നുള്ളതായി കരുതപ്പെടുന്ന ഗുരുതരമായ മിസൈൽ ഭീഷണിയെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ തുർക്കിയിലെ അങ്കാറയിൽ നിന്ന് രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി റിപ്പോർട്ട്. ജൂലൈയിൽ നാറ്റോ ഉച്ചകോടിക്കായി അങ്കാറയിലെത്തിയ ട്രംപിനെ യാത്രയുടെ അവസാനഘട്ടത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ രഹസ്യമായി മറ്റൊരു വിമാനത്തിലേക്ക് മാറ്റിയത്.

ഇറാനുമായി ബന്ധമുള്ള സംഘങ്ങൾ ട്രംപ് സഞ്ചരിക്കുന്ന വിമാനത്തെ തോളിൽനിന്ന് വിക്ഷേപിക്കാവുന്ന മിസൈൽ ഉപയോഗിച്ച് ആക്രമിക്കാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇസ്രയേൽ കൈമാറിയ വിവരങ്ങളും അമേരിക്കൻ സുരക്ഷാ സംവിധാനങ്ങളുടെ വിലയിരുത്തലുകളും ഇതിന് പിന്നിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രംപിനെതിരായ ആക്രമണത്തിന് ഇറാന്റെ ഭാഗത്ത് നിന്ന് വ്യക്തമായ പ്രവർത്തനപദ്ധതി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിട്ടില്ല.

അങ്കാറയിൽ ട്രംപ് ആദ്യം മാധ്യമങ്ങളുടെ സാന്നിധ്യത്തിൽ പഴയ എയർഫോഴ്സ് വണ്ണിൽ കയറുന്നതായി കാണപ്പെട്ടു. എന്നാൽ പിന്നീട് വിമാനത്തിന്റെ മറുവശത്തുകൂടി പുറത്തുകടന്ന് വിമാനത്താവളത്തിലെ കാറ്ററിങ് ട്രക്കിന്റെ സഹായത്തോടെ സമീപത്തുണ്ടായിരുന്ന ചെറിയ സി-32എ സൈനിക വിമാനത്തിലേക്ക് മാറ്റുകയായിരുന്നു. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഉൾപ്പെടെയുള്ള ഏതാനും അടുത്ത സഹായികളും ഈ വിമാനത്തിലുണ്ടായിരുന്നു.

അതേസമയം, ട്രംപ് യാത്രചെയ്യുന്നുവെന്ന് കരുതപ്പെട്ടിരുന്ന എയർഫോഴ്സ് വണ്ണിൽ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, വൈറ്റ് ഹൗസ് ജീവനക്കാർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ യാത്ര തുടർന്നു. ട്രംപ് വിമാനത്തിലില്ലെന്ന കാര്യം ഇവരിൽ പലരും അറിഞ്ഞിരുന്നില്ല. ഇതോടെ ആ വിമാനം ഒരു ‘ഡികോയ്’ വിമാനമായി പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടുകൾ.

സംഭവത്തെക്കുറിച്ച് പിന്നീട് ട്രംപ് തന്നെ പ്രതികരിച്ചു. വിമാനമാറ്റത്തിന് പിന്നിൽ സുരക്ഷാ കാരണമുണ്ടായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചെങ്കിലും, രഹസ്യമായി പറത്തിയ സൈനിക വിമാനമാണ് യഥാർഥത്തിൽ കൂടുതൽ അപകടസാധ്യതയിലായിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ചാണ് വിമാനമാറ്റം നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം, ഭീഷണിയുടെ വിശ്വാസ്യതയെക്കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇസ്രയേൽ കൈമാറിയ വിവരത്തെ ചില യു.എസ്. ഉദ്യോഗസ്ഥർ കുറഞ്ഞ വിശ്വാസ്യതയുള്ളതായാണ് വിലയിരുത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.

ഇറാനുമായുള്ള സംഘർഷത്തിനിടെ അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *