വാഷിങ്ടൺ/ദുബായ്: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തിൽ ഇറാന്റെ നിയന്ത്രണം ഭാഗികമായി കുറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്ക് കടന്ന 80 ശതമാനത്തിലേറെ കപ്പലുകളും ഒമാൻ വഴിയുള്ള അന്താരാഷ്ട്ര അംഗീകൃത പാതയാണ് ഉപയോഗിച്ചതെന്ന് കപ്പൽ നീക്കം നിരീക്ഷിക്കുന്ന കെപ്ലർ റിപ്പോർട്ട് ചെയ്തു.
യുഎസ് നാവികസേനയുടെ സുരക്ഷാ ഉറപ്പോടെ ഇറാന്റെ മുന്നറിയിപ്പുകൾ അവഗണിച്ചാണ് കപ്പലുകൾ ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. ഇതോടെ കപ്പലുകളിൽനിന്ന് നികുതി ഈടാക്കാനുള്ള ഇറാന്റെ ശ്രമങ്ങൾക്കും തിരിച്ചടിയായി.
കുവൈത്ത്, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ എണ്ണക്കപ്പലുകൾ ഒമാൻ ഉൾക്കടലിലെത്തിച്ച് മറ്റ് കപ്പലുകളിലേക്ക് എണ്ണ മാറ്റി വിതരണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞയാഴ്ച ഹോർമുസ് വഴി പ്രതിദിനം ഏകദേശം 1.5 കോടി ബാരൽ എണ്ണ കടന്നുപോയതായും കണക്കുകൾ വ്യക്തമാക്കുന്നു.

