തിരുവനന്തപുരം: ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ സ്വതന്ത്രവും നിഷ്പക്ഷവുമായ പ്രവർത്തനം ഉറപ്പാക്കണമെന്നും, ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ പദവിയിൽനിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കി. ജനാധിപത്യ പ്രക്രിയയുടെ സുതാര്യതയും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് സഭയിൽ നിർണായക പ്രമേയം കൊണ്ടുവന്നത്.
തിരഞ്ഞെടുപ്പ് കമ്മിഷൻ ഭരണകൂട സ്വാധീനങ്ങൾക്ക് വഴങ്ങാതെ പ്രവർത്തിക്കേണ്ട ഒന്നാണെന്നും എന്നാൽ നിലവിൽ കമ്മിഷൻ്റെ വിശ്വാസ്യതയിലും നിഷ്പക്ഷതയിലും ഗുരുതരമായ സംശയങ്ങൾ ഉയർന്ന സാഹചര്യമാണുള്ളതെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇത്തരം സാഹചര്യത്തിൽ സ്ഥാപനത്തിൻ്റെ വിശ്വാസ്യത വീണ്ടെടുക്കാൻ ആരോപണവിധേയനായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കം ചെയ്യേണ്ടത് അനിവാര്യമാണ്.
തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിലെ അപാകതകൾ പരിഹരിച്ച് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട യഥാർത്ഥ വോട്ടർമാരുടെ വോട്ടവകാശം അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. ഒപ്പം, തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ നിശ്ചയിക്കുന്ന സമിതിയിൽ പ്രധാനമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഒപ്പം സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കണമെന്നും പ്രമേയം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

